police

കുന്നംകുളം: പൊലീസ് സേനയെ കൂടുതൽ ഊർജ്ജസ്വലരാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർതലത്തിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണം പൂർത്തീകരിച്ച കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ കെട്ടിടം ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഹൈടെക് പൊലീസ് സ്റ്റേഷന്റെ മൂന്നാംഘട്ട നിർമ്മാണപ്രവൃത്തികൾക്കായി ഒരുകോടി രൂപ അനുവദിച്ച എ.സി. മൊയ്തീൻ എം.എൽ.എയെ മുഖ്യമന്ത്രി പ്രത്യേകം അനുമോദിച്ചു. പൊലീസ് സ്റ്റേഷനുകൾ ശിശുസൗഹൃദമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം സർക്കാർ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സർക്കാരിന്റെ വിവിധ ഹൈടെക് പൊലീസ് സ്റ്റേഷനുകളുടെയും, ഫോറൻസിക് കേന്ദ്രങ്ങളുടെയും ഉദ്ഘാടനശേഷം നടന്ന ഉദ്ഘാടനസമ്മേളനത്തിൽ എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. പെരുമ്പിലാവ് കേന്ദ്രമാക്കി പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കാനുള്ള നടപടികൾ സർക്കാർ പരിഗണനയിലാണെന്ന് എ.സി. മൊയ്തീൻ എം.എൽ.എ പറഞ്ഞു.

റേഞ്ച് ഡി.ഐ.ജി: അക്ബർ ആമുഖ പ്രഭാഷണം നടത്തി. ഹൈടെക് പൊലീസ് സ്റ്റേഷന്റെ നിർമ്മാണത്തിനായി തുക അനുവദിച്ച എ.സി. മൊയ്തീൻ എം.എൽ.എയ്ക്ക് ഡി.ഐ.ജി അക്ബർ ഉപഹാരം സമർപ്പിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കും നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും ഉപഹാരങ്ങൾ നൽകി.

എം.പിമാരായ രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ എന്നിവർ ഓൺലൈൻ വഴി പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ആർ. ആദിത്യ, മുരളി പെരുനെല്ലി എം.എൽ.എ, കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് തുടങ്ങിയവർ സംസാരിച്ചു.