കാഞ്ഞാണി: തൃശൂർ താലൂക്കിലെ ചേർപ്പ്, കോലഴി, അന്തിക്കാട്, തൃശൂർ എന്നീ റേഞ്ചുകളിലെ ചെത്ത് - മദ്യ വ്യവസായ തൊഴിലാളികളുടെ 2021 - 2022 സാമ്പത്തിക വർഷത്തെ കൂലി തർക്കം ട്രേഡ് യൂണിയൻ നേതാക്കളുടെയും ലൈസൻസികളുടെയും ചർച്ചയിൽ ഒത്തുതീർന്നു. ചെത്ത് തൊഴിലാളികൾക്ക് ഒരു ലിറ്റർ തെങ്ങിൻ കള്ളിന് 4 രൂപ വർദ്ധിപ്പിച്ച് 64 രൂപയും, പനങ്കള്ളിന് 4 രൂപ വർദ്ധിപ്പിച്ച് 42 രൂപയും, ക്ഷാമബത്ത ഓരോ തൊഴിലാളിക്കും ദിനംപ്രതി 15 രൂപ വർദ്ധിപ്പിച്ച് 195 രൂപയുമാക്കി.

3.5 ലിറ്റർ തെങ്ങിൻ കള്ളും, 7 ലിറ്റർ പനങ്കള്ളും ദിനംപ്രതി അളക്കുന്നവർക്കേ ക്ഷാമബത്തയ്ക്ക് അർഹതയുള്ളൂ. എന്നാൽ ക്ഷാമബത്തക്ക് കള്ള് അളക്കാൻ തികയാത്ത തൊഴിലാളികൾക്ക് ഒരു ലിറ്റർ തെങ്ങിൻ കള്ളിന് 94 രൂപയും, പനങ്കള്ളിന് 67 രൂപയും നൽകാൻ തീരുമാനിച്ചു.

മദ്യ വ്യവസായത്തിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും അടിസ്ഥാന ശബളത്തിൽ 13 ശതമാനം വർദ്ധനവ് ലഭിക്കും. ഏകീകരിച്ച ക്ഷാമബത്ത അടക്കം മാസത്തിൽ ആകെ 2052.67 രൂപ വർദ്ധിക്കും. ലൈസൻസികൾക്ക് വേണ്ടി പി.കെ. ദേവദാസ്, സി.ടി. ഷാജു, വി.എം. വിനു, കെ.ടി. പൗലോസ്‌, യൂണിയനുകൾക്ക് വേണ്ടി യു.പി. ജോസഫ് (സി.ഐ.ടി.യു), കെ.കെ. പ്രകാശൻ (ഐ.എൻ.ടി.യു.സി), വി.എൻ. സത്യൻ (എ.ഐ.ടി.യു.സി), എം.ബി. സുധീഷ് (ബി.എം.എസ്) എന്നിവർ പങ്കെടുത്തു.