
ചാലക്കുടി: തനിക്ക് ലഭിക്കുന്നത് പങ്കു വയ്ക്കാനുള്ള മനോഭാവമുള്ള അനശ്വര കലാകാരനായിരുന്നു കലാഭവൻ മണിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ചാലക്കുടി നഗരസഭ, കലാഭവൻ മണി കുടുംബ ട്രസ്റ്റ്, യുവജന ക്ഷേമ ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മണി ചിരസ്മരണ 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിനെ മറക്കാതിരുന്ന മണി, കേരളത്തിന് തന്നെ അഭിമാനമായിരുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.
നാടൻ പാട്ടുകൾ നിലനിൽക്കും കാലം വരെ മണിയുടെ ഓർമ്മകൾ കലാകേരളത്തിന്റെ മനസിലുണ്ടാകുമെന്ന് സംസ്ഥാന നാടൻപാട്ട് മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്ത് മന്ത്രി കെ.രാജൻ പറഞ്ഞു. നഗരസഭ പാർക്കിൽ നടന്ന യോഗത്തിൽ ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ചെയർമാൻ വി.ഒ.പൈലപ്പൻ, സംഘാടക സമിതി ഭാരവാഹികളായി കെ.എ.ഉണ്ണിക്കൃഷ്ണൻ, യു.എസ്.അജയകുമാർ, നഗരസഭ വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു തുടങ്ങിയവർ സംസാരിച്ചു. സുരാജ് വെഞ്ഞാറമൂട്, നാദിർഷാ, ടിനി ടോം, ജാഫർ ഇടുക്കി, കോട്ടയം നസീർ തുടങ്ങിയവർ പങ്കെടുത്തു. മെഗാ ഗാനസന്ധ്യയും അരങ്ങേറി. ചെയർമാൻ വി.ഒ.പൈലപ്പൻ, കെ.എ.ഉണ്ണിക്കൃഷ്ണൻ, യു.എസ്.അജയകുമാർ, വൈസ് ചെയർമാൻ സിന്ധു ലോജു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി.ടി.സബിത, യൂത്ത് കോ ഓർഡിനേറ്റർ ഒ.എസ്.സുബീഷ് തുടങ്ങിയവർ സംബന്ധിച്ചു.