
ഗുരുവായൂർ: തുഞ്ചത്ത് മലയാളം സർവകലാശാലയുടെ പ്രാദേശിക ഗവേഷണ കേന്ദ്രം പൂന്താനത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കുന്ന കാര്യം ആലോചിക്കണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. പൂന്താനം ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗുരുവായൂർ ദേവസ്വവുമായി ചേർന്നുവേണം ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടത്. പൂന്താനത്തിനുള്ള ഉചിത ആദരവാകും ഇത്. ഗുരുവായൂർ ദേവസ്വം അന്തർദേശീയ പഠനകേന്ദ്രവും വേദപാഠശാലയും സർക്കാരിന്റെ പരിഗണനയിലാണ്. കേരളീയ സമൂഹത്തിൽ സ്വാർത്ഥചിന്ത ഏറുകയാണ്. ഓരോ കാര്യം ചെയ്യുമ്പോഴും തനിക്കെന്ത് നേട്ടമുണ്ടാകും എന്നതാണ് ഇന്നത്തെ ചിന്താ വിഷയമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജ്ഞാനപ്പാന പുരസ്‌കാരം കെ.ജയകുമാറിന് മന്ത്രി സമ്മാനിച്ചു.
ദേവസ്വം പുസ്തകശാലയുടെ കമ്പ്യൂട്ടർവത്കരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. എൻ.കെ.അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ.വി.മോഹന കൃഷ്ണൻ, വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ തുടങ്ങിയവർ സംസാരിച്ചു.