എരുമപ്പെട്ടി: വേലൂർ മണിമലർക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുതിരവേല ആരംഭിച്ചു. അശ്വതി നാളിൽ വേലൂർ ദേശക്കുതിരയുടെ തല കൊളുത്തിയതോടെയാണ് കതിരവേലയ്ക്ക് ആരംഭമായത്. മൂന്നു ദിനരാത്രങ്ങൾ നാദ വർണ്ണ വിസ്മയം തീർക്കുന്ന കുതിരവേലയിൽ നാന ജാതി മതസ്ഥരടക്കം നിരവധി പേരാണ് പങ്കെടുക്കുക.
കുംഭമാസത്തിലെ ആശ്വതി, ഭരണി, കാർത്തിക നക്ഷത്രങ്ങളിലാണ് കുതിരവേല ആഘോഷിക്കുന്നത്. അശ്വതി, ഭരണി നാളുകളിൽ കുതിരവരവും കാർത്തിക നാളിൽ കൂട്ടിയെഴുന്നെള്ളിപ്പുമായാണ് ആഘോഷം നടക്കുക. അശ്വതി വേലയിൽ വേലൂർ ദേശം തിരിക്കുതിര, ക്ഷേത്രം തിരിക്കുതിര, അയ്യപ്പൻകാവ് കുതിര, കുട്ടി കുതിരകൾ എന്നിവയാണ് ക്ഷേത്രത്തിലെത്തിയത്.

കുതിരവേലയിലെ പ്രധാന ദിനമായ ഭരണി വേലയിൽ ക്ഷേത്ര ചടങ്ങുകളോടൊപ്പം നടയ്ക്കൽ മേളം, ഭരണി നാളിൽ രാവിലെ തായമ്പക, ഉച്ചമുതൽ കുതിര വരവും തയ്യൂർ, തണ്ടിലം, പഴവൂർ, എരുമപ്പെട്ടി, , കുറുമാൽ, പാത്രാമംഗലം. തുടങ്ങി ദേശ കുതിരകളും മറ്റ് ഉത്സവ കുതിരകളും ക്ഷേത്രത്തിലെത്തും. വൈകീട്ട് പഞ്ചവാദ്യം, സന്ധ്യക്ക് ക്ഷേത്ര പാട്ടു കൊട്ടിലിൽ അരിപ്പറ ചൊരിയൽ, അരിത്താലം, പ്രസിദ്ധമായ അരിപ്പറ മേളം എന്നിവ നടക്കും. കാർത്തിക നാളിൽ കാർത്തിക വേലയിൽ മേളത്തിന്റെ അകമ്പടിയോടെ കൂട്ടിയെഴുന്നെള്ളിപ്പിനു ശേഷം ഉപചാരം ചൊല്ലി കുതിരകൾ അതാത് ദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതോടെയാണ് കുതിരവേല സമാപിക്കുക.

ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികനാകും. ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി സഹകാർമ്മികനാകും. ട്രസ്റ്റി ശിവദാസൻ പെരുവഴിക്കാട്ട്, പ്രസിഡന്റ് ശിവരാമൻ തെക്കൂട്ട്, സെക്രട്ടറി സുജീഷ് അരുവാത്തോട്ടിൽ, ജനറൽ കൺവീനർ മനോജ് പെരുവഴിക്കാട്ട് തുടങ്ങിയവർ കുതിരവേലക്ക് നേതൃത്വം നൽകും.