തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായി ആറുമാസം പിന്നിട്ടിട്ടും തുടർ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ നടപടി നേരിട്ട 16 ഉദ്യോഗസ്ഥരിൽ ചിലർ സഹകരണ ട്രൈബ്യൂണലിൽ പരാതി നൽകിയേക്കുമെന്ന് സൂചന. ഇതുവരെ സഹകരണ വകുപ്പ് ശിക്ഷാ നടപടി സ്വീകരിക്കുകയോ കുറ്റക്കാരല്ലെന്ന് കണ്ട് സർവീസിൽ തിരിച്ചെടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഇവരുടെ നീക്കം. അതേസമയം, എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ എന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. ആറുമാസം കൂടി സസ്പെൻഷൻ കാലാവധി നീട്ടാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇവർ നിയമനടപടിക്ക് ഒരുങ്ങുന്നത്. നടപടിക്കാര്യത്തിൽ വ്യക്തതയില്ലാത്തതിനെതിരെ ചില സംഘടനകൾ പ്രക്ഷോഭത്തിനും തയ്യാറെടുക്കുകയാണ്.

ഓഡിറ്റിന് പുതിയ ടീം

ബാങ്കിലെ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് നടത്തുന്നതിന് അഞ്ചംഗ സംഘത്തിന് ചുമതല നൽകിയേക്കും. കണക്കുകൾ അഞ്ച് ഭാഗങ്ങളാക്കി തിരിച്ച് ഓഡിറ്ര് നടത്തുന്നതിന് വേണ്ടിയാണിത്. നിലവിൽ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഓഡിറ്ര് ചെയ്യുന്നത്. ഇദ്ദേഹത്തെക്കൂടി പുതിയ സംഘത്തിൽ അംഗമാക്കും. വൈകാതെ ഉത്തരവുണ്ടാകും. അതിനിടെ കരുവന്നൂർ ബാങ്കിന്റെ രക്ഷയ്ക്കായുള്ള കൺസോർഷ്യത്തിൽ ചേരാൻ ജില്ലയിലെ 90 ബാങ്കുകൾ സന്നദ്ധരായിട്ടുണ്ട്.