ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ശുദ്ധിക്കാവശ്യമായ കഴിനൂൽ ആറാട്ടുപുഴ പറത്തൂക്കംപറമ്പിൽ കുടുംബാംഗം തൃപ്പടിയിൽ സമർപ്പിക്കുന്നതോടുകൂടി ശാസ്താവിന്റെ ശുദ്ധി ചടങ്ങുകൾക്ക് തുടക്കമാകും. വൈകിട്ട് 5ന് ധാരാതട്ട്, സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി. ഗോപി ക്ഷേത്ര നടപ്പുരയിൽ സമർപ്പിക്കും.
അത്തിയും പ്ലാവും ചേർത്ത് നിർമ്മിച്ച ധാരാതട്ട്, സ്രുവം, ജുഹു തുടങ്ങിയവ ക്ഷേത്രം മേൽശാന്തിമാർ ഏറ്റുവാങ്ങും. തുടർന്ന് തന്ത്രി കെ.പി.സി. വിഷ്ണുഭട്ടതിരിപ്പാടിന്റ മുഖ്യകാർമികത്വത്തിൽ ഗണപതിപൂജ, അസ്ത്രകലശ പൂജ, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തുപുണ്യാഹം തുടങ്ങിയവ ഉൾക്കൊള്ളുന്ന പ്രാസാദ ശുദ്ധി നടക്കും. കൊടിയേറ്റ ദിവസം രാവിലെ 5ന് ബിംബശുദ്ധി ആരംഭിക്കും.