ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പുകൾക്ക് ആവശ്യമായ ചമയങ്ങൾ ഒരുങ്ങി. ശാസ്താവിന്റെ തിരുനടയിൽ നാളെ വൈകിട്ട് 5 മുതൽ ഭക്തർ ചമയങ്ങൾ സമർപ്പിക്കും. കോലങ്ങൾ, പട്ടുകുടകൾ, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങൾ, വക്കകൾ, മണിക്കൂട്ടങ്ങൾ, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണവും, പുതുതായി ഒരുക്കുന്ന ചമയങ്ങളുടെ നിർമ്മാണവും പൂർത്തിയായി.

കുടയുടെ ഒറ്റൽ പെരുമ്പിളളശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമ്മിച്ചത്. സ്വർണം മുക്കൽ ചേർപ്പ് കെ.എ. ജോസും, തുന്നൽ തൃശ്ശൂർ വി.എൻ. പുരുഷോത്തമനും, മണിക്കൂട്ടം, കുടയുടെ മകുടങ്ങൾ എന്നിവ മിനുക്കിയതിൽ പെരിങ്ങാവ് ഗോൾഡിയുടെ രാജനും വിവിധ തരം വിളക്കുകൾ, കൈപ്പന്തത്തിന്റെ നാഴികൾ എന്നിവ പോളിഷിംഗിൽ ഇരിങ്ങാലക്കുട ബെൽവിക്‌സ് എന്ന സഹകരണ സ്ഥാപനവും ചുമതലക്കാരായിരുന്നു. ആലവട്ടം, ചാമരം എന്നിവ എരവിമംഗലം രാധാകൃഷ്ണനാണ് ഒരുക്കിയത്. തിരുഉടയാട, കൈപ്പന്തത്തിനു വേണ്ട വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയുടെ സമർപ്പണവും നടക്കും.