ചേർപ്പ്: പെരുവനം ആറാട്ടുപുഴ പൂരം ചാത്തക്കുടം ശാസ്താവിന്റെ പൂരങ്ങൾ 10ന് കൊടിയേറും. വൈകിട്ട് നാലോടെ ദേശത്തെ ആശാരിയായ ഭാസ്കരൻ തെക്കൂട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ തലയോടുകൂടിയ കവുങ്ങു മുറിച്ചു ആർപ്പു വിളിയോടെ ക്ഷേത്രത്തിലെത്തിക്കും. ക്ഷേത്രം കഴകം വാരിയർ ഹരിദാസ് വാരിയർ കൊടിക്കൽ പറ നിറക്കുന്നതോടെ കൊടികയറും. കൊടിയേറ്റത്തിന് ശേഷം കുറുവേല അടിയന്തിരം ചുമതലയുള്ള കല്ലാറ്റ് ശിവൻ കുറുപ്പ് ശംഖ് വിളിച്ചു വലംതലയിൽ കൊട്ടിവെക്കും.

കൊടിയേറ്റത്തിന് ശേഷം ചമയ ദ്രവ്യ സമർപ്പണം നടക്കും. ഈ വർഷം ശാസ്താവിന് പുതിയ നെറ്റിപ്പട്ടം, പട്ടുകുട, വെൺചാമരം, ആലവട്ടം എന്നിവ ഭക്തർ സമർപ്പിക്കും. കൂടാതെ നവീകരിച്ച പട്ടുകുടകൾ, വക്ക മണിക്കൂട്ടം, ആലവട്ടം, വെൺചാമരം എന്നിവയും സമർപ്പിക്കും.