വടക്കാഞ്ചേരി: കടുത്ത വേനലിൽ പുഴകളും തോടുകളും വറ്റിവരണ്ട സാഹചര്യത്തിൽ വാഴാനി അണക്കെട്ടിൽ നിന്നും ഇന്നു മുതൽ വെള്ളം തുറന്നു വിടും. 12 ദിവസം കനാലിലൂടെയും 10 ദിവസം പുഴയിലൂടെയുമാണ് വെള്ളം തുറന്നു വിടുക. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവർക്ക് വെള്ളമെത്തുന്നത് ഏറെ ആശ്വാസമാകും. രണ്ടു ദിവസത്തിനുള്ളിൽ സമീപ പ്രദേശങ്ങളിലെ ജലാശയങ്ങളിൽ വെള്ളമെത്തും. തെക്കുംകര, വേലൂർ, മുണ്ടൂർ, അവണൂർ, ചൂണ്ടൽ പഞ്ചായത്തുകൾക്കും വടക്കാഞ്ചേരി നഗരസഭയ്ക്കും വെള്ളം ലഭിക്കും. മാർച്ചിൽ പെയ്യേണ്ട ഇടമഴ ലഭിക്കാതെ വന്നതോടെയാണ് വെള്ളത്തിന്റെ ക്ഷാമം രൂക്ഷമായത്. കിണറുകൾ വറ്റി വരണ്ടു. കുഴൽക്കിണറുകളിലെ ജലനിരപ്പ് വരെ താഴ്ന്നു. വടക്കാഞ്ചേരി പുഴയിലേയ്ക്ക് വെള്ളം തുറന്നു വിടണമെന്ന ആവശ്യം ഒരു മാസം മന്നേ ഉയർന്നതാണ്. ഫെബ്രുവരി 28 ന് ചേർന്ന വാഴാനി പ്രൊജക്ട് കമ്മിറ്റിയാണ് വെള്ളം തുറന്നു വിടാൻ തീരുമാനമെടുത്തത്. വെള്ളമെത്തുന്നതോടെ പച്ചക്കറി കൃഷിക്കാർക്കും ഏറെ ആശ്വാസമാകും.