mmmmമണലൂർ തൃക്കുന്നത്തെ ജല അതോറിറ്റിയുടെ ജലസംഭരണിയുടെ തകരാർ പരിഹരിക്കാനുള്ള ശ്രമത്തിൽ.

കഴിഞ്ഞ ഒരാഴ്ചയായി മണലൂ‌ർ പഞ്ചായത്തിൽ വെള്ളമില്ല

കാഞ്ഞാണി: ജല സംഭരണിയിലെ ഷട്ടർ തകരാർ മൂലം കഴിഞ്ഞ ഒരാഴ്ചയായി മണലൂർ പഞ്ചായത്തിൽ കുടിവെള്ളമില്ല. തിരദേശ മേഖലയായ മണലൂർ, പാലാഴി, മാമ്പുള്ളി, കരിക്കൊടി എന്നിവടങ്ങളിലെ ജനങ്ങളാണ് കുടിവെള്ളം കിട്ടാതെ പ്രതിസന്ധിയിലായത്.


മണലൂർ പഞ്ചായത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നത് തൃക്കുന്നത്തുള്ള വാട്ടർ അതോറിറ്റിയുടെ ജല സംഭരണി വഴിയാണ്. ഈ സംഭരണിയുടെ ഷർട്ടറിന് തകരാർ സംഭവിച്ചതാണ് പ്രശ്നത്തിന് കാരണമായി പറയുന്നത്.

എന്നാൽ ചില ഭാഗങ്ങളിൽ വീടുകളിലേക്ക് വാട്ടർ കണക്ഷൻ ലഭ്യമാക്കുന്നതിനായി വാൽവുകൾ അടച്ചിടുന്നത് പിന്നീട് തുറക്കാൻ മറന്നുപോകുന്നതും വെള്ളം കിട്ടാതിരിക്കുന്നതിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മണലൂർ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തീരദേശമായതിനാൽ ആളുകൾ പൈപ്പ് വെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വെള്ളത്തിന് വേണ്ടി ആളുകൾ നെട്ടോട്ടമോടുമ്പോഴും മുൻ ഭരണസമിതികളുടെ കാലത്ത് ലക്ഷങ്ങൾ ചെലവാക്കിയ പാലാഴി, കാരമുക്ക്, മണലൂർ എന്നിവിടങ്ങളിലെ പഞ്ചായത്ത് ജല സംഭരണികൾ ഇപ്പോഴും നോക്കുകുത്തിയായി നിൽക്കുകയാണ്.

ജല അതോറിറ്റി അധികൃതരുടെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണം. അടിയന്തരമായി തകരാർ പരിഹരിച്ച് കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണം.

ടോണി അത്താണിക്കൽ

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

ജല സംഭരണിയുടെ ഷർട്ടറിന് തകരാർ സംഭവിച്ചതാണ് കാരണം. അടിയന്തരമായി തകരാർ പരിഹരിക്കും.

ജോണ

വാട്ടർ അതോറി അസി. എൻജിനിയർ