കൂടപ്പുഴയിലെ കൃഷ്ണൻ കാരണവർ പലചരക്ക് കടയിൽ.
ചാലക്കുടി: നാഴിയളവിൽ അരിയും റാത്തൽ തൂക്കത്തിൽ പച്ചക്കറികളും വിറ്റിരുന്ന കാലം, ഓൺലൈനിലൂടെ സാധനങ്ങൾ വീടുകളിലെത്തുന്ന നവ സംരഭങ്ങളുടെ ഇപ്പോഴത്തെ വിപണന മത്സരം. പുതിയ സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തെ തലമുറ മാറ്റത്തിന്റെ വിടവിലൂടെ സാകൂതം നോക്കുകയാണ് കൂടപ്പുഴയിലെ ആദ്യത്തെ പലചരക്ക് കടക്കാരൻ കൃഷ്ണൻ പാപ്പൻ. പതിനാറണയ്ക്ക് ഇന്നത്തെ നാലുകിലോയിൽ കൂടുതൽ ഒന്നാന്തരം അരി വിറ്റിരുന്ന കാലഘട്ടം ഓർമ്മിക്കുമ്പോൾ 86-ാം വയസിലും കച്ചവട രംഗത്തുള്ള തയ്യിൽ കൃഷ്ണന് എല്ലാം ഇന്നലത്തെ സംഭവങ്ങൾപ്പോലെ. ചക്കിലാട്ടിയ വെളിച്ചെണ്ണ മില്ലിയളവിലായിരുന്നു വിറ്റത്. കാലണയ്ക്കും സാധനങ്ങൾ കൊടുത്തു. കടയുടെ മുൻഭാഗത്ത് തൂങ്ങി കിടക്കുന്ന വിഷമില്ലാത്ത പഴക്കുലകളുടെ മണംപോലും അക്കാലത്തെ സംസ്‌കാരത്തിന്റെ പ്രതീകമായി. ജ്യേഷ്ഠ സഹോദരൻ കുമാരന്റെ കടയിൽ ജോലിക്കാരനായി 1957 കാലഘട്ടത്തിലായിരുന്നു പലചരക്ക്കട ജീവിതത്തിലേക്കുള്ള ചുവടുവയ്പ്പ്.
വർഷങ്ങൾക്ക് ശേഷം സ്വന്തമായി കട തുടങ്ങി. രാവിലെ ആറോടെ കെ.എസ്.ഇ.ബി പവർ ഹൗസിന് സമീപത്തെ കടയുടെ നിരപ്പലക തുറന്നിരിക്കും. മുതലാളിയും തൊഴിലാളിയുമൊക്കെ യുവാവായ കൃഷ്ണൻ തന്നെ. റാന്തൽ വെട്ടത്തിലെ കണക്കെഴുത്തെല്ലാം കിറുകൃത്യം. ഓണത്തിന് മൂന്നും വിഷുവിന് ഒരു ദിവസവും മാത്രം മുടക്കുന്ന കടയുടെ പ്രവർത്തന കലണ്ടറിൽ ഞായറാഴ്ചകളുമുണ്ടായില്ല. തൊട്ടടുത്തിടങ്ങളിൽ മറ്റ് കടകളില്ലാത്തത് ആളുകളെ കൃഷ്ണന്റെ കടയിലേക്ക് മാത്രം ആകർഷിച്ചു. കണക്ക് ബുക്കുകളിൽ കിട്ടാകടങ്ങൾ പെരുത്തത്, ജീവിത സൂചികയിൽ പ്രതിസന്ധി സൃഷ്ടിച്ചെന്നും കാരണവർ പറയുന്നു. കൂടുതൽ കടകളുടെ രംഗപ്രവേശവും ചാലക്കുടിച്ചന്തയുടെ വളർച്ചയും പിന്നിട്ട കാലഘട്ടത്തിൽ കൃഷ്ണൻ പാപ്പന്റെ കടയുടെ പൊലിമയ്ക്ക് മങ്ങലുണ്ടാക്കി. നവീന സംരഭങ്ങളുടെ മത്സരം ഇദ്ദേഹത്തെ കാഴ്ചക്കാരനാക്കി നിറുത്തി. മകൻ അനിലാണ് കടയിലെ ഇപ്പോഴത്തെ സ്ഥിരം സഹായി. ഇളയ പുത്രൻ ഗിരീഷും ഇടയ്ക്ക് കടയിലുണ്ടാകും. പ്രായമേറെയായിട്ടും ശീലങ്ങൾ മാറ്റാൻ കഴിയാത്തതാണ് ഇപ്പോഴും കൃഷ്ണൻ പാപ്പനെ കച്ചവടക്കാരനായി നിലനിർത്തുന്ന പ്രേരക ശക്തി.
നിരപ്പലകകൾ നീങ്ങി ഷട്ടറുകൾ എത്തിയതും അളവും തൂക്കവുമെല്ലാം ഇലട്രോണിക്ക് സംവിധാനത്തിലായതും കാലത്തിന്റെ മാറ്റങ്ങളായി
-കൃഷ്ണൻ പാപ്പൻ.