പാവറട്ടി: പൂവത്തൂർ സ്വദേശിയായ സഞ്ജയ്ക്ക് പിറകെ യുക്രെയിനിൽ നിന്ന് നിഹാല ഉസ്മാനും സുരക്ഷിതമായി തിരിച്ചെത്തിയത് നാടിന് ആശ്വാസമായി. യുക്രെയിനിൽ യുദ്ധം സാരമായി ബാധിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്താണ് നിഹാല പഠിച്ചിരുന്ന സപ്പോറോസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റി. ബങ്കറിലും ഹോസ്റ്റലിലുമായി ആദ്യദിവസങ്ങളിൽ ഭയപ്പാടോടെ നിന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റി അധികൃതർ തന്നെയാണ് ഹംഗറിയിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തി നൽകിയത്. ഹംഗറിയിൽ നിന്ന് മുംബൈയിലേക്കും തുടർന്ന് കേരളത്തിലേക്കും എത്തിച്ചേരുകയായിരുന്നു. സപ്പോറോസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ രണ്ടാംവർഷ മെഡിക്കൽ ബിരുദ വിദ്യാർത്ഥിയാണ് പൂവത്തൂർ നാലകത്ത് ഉസ്മാൻ-ഉമൈബ എന്നിവരുടെ മകൾ നിഹാല ഉസ്മാൻ. തുടർപഠനത്തിന് ഓൺലൈൻ വഴി സൗകര്യമേർപ്പെടുത്തുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചതിനാൽ പഠനം മുടങ്ങില്ല എന്ന വിശ്വാസത്തിലാണ് നിഹാലയും സഹപാഠികളും. സി.പി.എം ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി. സുബിദാസ്, ചിറ്റാട്ടുകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.എ.അബ്ദുൽ ഹക്കീം, എളവള്ളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഡി. വിഷ്ണു, നവീൻ വി.വി, എൻ.കെ. സുബ്രഹ്മണ്യൻ എന്നിവർ വീട്ടിലെത്തി സന്ദർശിച്ചു.