 
മേലൂർ: വിവാദമായ മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിന്റെ ടാറിംഗ് ആരംഭിച്ചു. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബി.എം.ബി.സി ടാറിംഗിന് തുടക്കമിട്ടത്. കല്ലുകുത്തി മുതൽ കുന്നപ്പിള്ളി വരെ 5 കിലോമീറ്റർ ദൂരത്തിൽ ആദ്യഘട്ടം ടാറിംഗ് പൂർത്തിയാക്കും. കഴിഞ്ഞ നവംബറിലാണ് ടാറിംഗിന് വേണ്ടി നിലവിലെ റോഡ് പൊളിച്ചു നീക്കിയത്. കാലം തെറ്റിയ കാലാവർഷത്തിൽ നിർമ്മാണം പൂർണമായും നിർത്തിവച്ചത് നാട്ടുകാരുടെ ഗതാഗതം പ്രതിസന്ധിയിലാക്കി. ഇതേ തുടർന്ന് വലിയ പ്രതിഷേധങ്ങളുമുണ്ടായി. പിന്നീട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കരാറുകരുടെ മെല്ലെപ്പോക്ക് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി. ഇതോടെ പഞ്ചായത്ത് ഭരണസമിതി വകുപ്പ് മന്ത്രിക്ക് പരാതിയും നൽകി. തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശത്തിൽ ടാറിംഗ് ആരംഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലാണ് കിഫ്ബിയിൽ നിന്നും 32 കോടി രൂപ റോഡ് നിർമ്മാണത്തിന് അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, വൈസ് പ്രസിഡന്റ് പി.ഒ. പോളി, ജനപ്രതിനിധികളായ സതി ബാബു, വിക്ടോറിയ ഡേവിസ് എന്നിവർ ടാറിംഗ് നടക്കുന്ന സ്ഥലങ്ങളിലെത്തി.