ആറു പതിറ്റാണ്ടിലധികമായി കഥ എഴുതുന്ന, ലോകത്തിന്റെ ഏതു കോണിലുംതന്റെ ജന്മഗ്രാമ
മായ മുണ്ടൂരും അവിടുത്തെ പച്ചമനുഷ്യരുമുണ്ടെന്ന് വിശ്വസിക്കുന്ന കഥാകൃത്ത് മുണ്ടൂർ സേതുമാധവന്
എൺപത്
വിശന്ന് തളർന്നുറങ്ങിയ ഒരു രാത്രി. നട്ടപ്പാതിരയ്ക്ക് അമ്മ മകനെ വിളിച്ചുണർത്തി ഓലക്കിണ്ണത്തിൽ ചൂടുള്ള ചോളക്കഞ്ഞിയും പിഞ്ഞാണത്തിൽ മത്തനില താളിച്ചതും കൊടുത്തിട്ട് പറഞ്ഞു; ''മോനേ... എന്തെങ്കിലും കഴിക്ക്."" ഉറക്കച്ചടവിൽ എഴുന്നേറ്റിരുന്ന് ആർത്തിയോടെ മോന്തിയപ്പോൾ തൊണ്ട പൊള്ളി. ആ പൊള്ളലിൽ നിന്ന് ഒരു കഥാകൃത്ത് ജനിക്കുകയായിരുന്നു; മുണ്ടൂർ സേതുമാധവൻ. പിന്നീട് കഥയുടെ കാലവർഷം തീർത്ത ഈ കഥാകൃത്തിന് മാർച്ച് 19ന് എൺപത് തികയും.
ദാരിദ്ര്യം അടയാളമായ മുണ്ടൂരിലെ പഴയ തറവാട്. രാത്രി ഓലപ്പുരയുടെ മോന്തായത്തിൽ നിന്ന് ചുമരിറങ്ങി വന്ന വള്ളിക്കെട്ടൻ പാമ്പിനെക്കണ്ട് ഭയന്നു നിലവിളിച്ചത് ഈ കഥാകൃത്തിന്റെ മറക്കാത്ത അനുഭവം. അമ്മ മകനെ നെഞ്ചോട് ചേർത്ത് പറയുമായിരുന്നു; ''സുകൃതക്ഷയം, കുട്ടി ഉറങ്ങിക്കോ... ഈശ്വരൻ കാക്കും."" ഭയമുണ്ടെങ്കിലും മനസ് പറയുമായിരുന്നു; ഒന്നും വരില്ല. അമ്മ പറഞ്ഞിട്ടുണ്ടല്ലേ, ഈശ്വരൻ കാക്കുമെന്ന്....
കനൽവഴികൾ താണ്ടിയ കഥാകാരനാണ് മുണ്ടൂർ സേതുമാധവൻ. കഥകളിലെ തനതു ഭാഷയുടെയും പ്രമേയത്തിന്റെയും ഈടുവയ്പും ഈ കനൽ തന്നെ.
മണ്ണിൽ നിന്ന് തെറ്റിലേക്ക്
മുണ്ടൂർ ഗ്രാമപ്പുഴയും ആനവരമ്പും താണ്ടി മുഷിഞ്ഞ ട്രൗസറും കുപ്പായവുമിട്ട ഒരു ബാലൻ സ്കൂളിലേക്ക് പോകുമായിരുന്നു. ഒൻപതാം ക്ലാസിലായിരുന്നപ്പോൾ അവനോട് മുഹമ്മദ് മാഷ് പറഞ്ഞു. സേതു ഒരു കഥയെഴുതിക്കൊണ്ടു വരണം. ''അയ്യോ, എനിക്ക് കഥയെഴുതാൻ അറിയില്ല സർ..."" സേതുവിന്റെ മറുപടി. ''നാളെ വരുമ്പോൾ കഥയുമായി വന്നാൽ മതി."" പിറ്റേന്ന് കഥയില്ലാതെ ചെന്ന സേതുവിനെ മാഷും കുട്ടികളും ഒഴിഞ്ഞ ക്ലാസിലാക്കിയിട്ട് പറഞ്ഞു; ''ഉച്ചയ്ക്ക് മുമ്പ് കഥ വേണം."" നോട്ടുപുസ്തകത്തിൽ നിന്ന് പേജുകൾ വലിച്ചുകീറി അവൻ തനിക്കറിയുന്ന ജീവിതം പകർത്തിവച്ചു... അത് ഒരു മാസികയുടെ മത്സരത്തിന് മാഷ് അയച്ചുകൊടുത്തു. 'മണ്ണ് " എന്ന ആ കഥയ്ക്ക് ഒന്നാം സ്ഥാനം.
ഇരുപതാം വയസിൽ തെറ്റ് എന്ന കഥ അച്ചടിച്ചു വന്നത് സേതുമാധവന് മുമ്പ് കഥയെഴുത്ത് തുടങ്ങിയ മുണ്ടൂർ കൃഷ്ണൻകുട്ടിയാണ് കാണിച്ചു കൊടുത്തത്. തുടർന്ന് എഴുത്തിന്റെ കാലവർഷമായിരുന്നു. പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ ഒരാഴ്ച അഞ്ച് വരെ കഥകൾ പ്രസിദ്ധീകരിച്ചു. 22 -ാം വയസിൽ നോവലെഴുതി; നിറങ്ങൾ.
കല്ലടിക്കോടന്റെ സുരക്ഷയിൽ
രാമായണവും ഭാഗവതവും കുട്ടിക്കാലത്തേ വായിച്ചിരുന്നു. സ്കൂൾ വിട്ടു വന്നാൽ വിവേകാനന്ദ വായനശാലയിലെത്തി വീക്കിലികളും പുസ്തകങ്ങളും വായിക്കും. വായനശാലക്കാർ മെമ്പർഷിപ്പ് ഇല്ലാതെ സേതുവിന് പുസ്തകം കൊടുത്തു. രാത്രി നാടുറങ്ങുമ്പോൾ ഉറങ്ങാതെ ട്രങ്ക് പെട്ടിപ്പുറത്തിരുന്ന് ചിമ്മിനിവെളിച്ചത്തിൽ വായിച്ചു. 200 പേജ് നോട്ട്ബുക്കിലാണ് എഴുത്ത്. കാട്ടുതീയിന്റെ കണ്ണു തുറുപ്പിച്ച് കല്ലടിക്കോടൻ മലയാണ് തന്നെ എഴുതാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. പുലരും വരെയാണ് വായന. പുസ്തകം തീരും വരെ. അല്ലെങ്കിൽ വിളക്കിൽ എണ്ണ തീരും വരെ. അങ്ങനെയിരിക്കെ 'നിറങ്ങൾ" നോവൽ കറന്റ് ബുക്സിന് അയച്ചു. മൂന്നു മാസം കഴിഞ്ഞപ്പോൾ പോസ്റ്റ്മാൻ അച്ചുവേട്ടൻ ഗ്രന്ഥകർത്താവിനുള്ള പുസ്തകത്തിന്റെ കോപ്പികളുമായി വന്നു. കാശില്ലാത്ത ആ ദിവസങ്ങളിൽ ഒരിക്കൽ മറ്റെന്തോ ആവശ്യത്തിന് തൃശൂരിലെത്തിയപ്പോൾ കറന്റ് ബുക്സിന്റെ ബോർഡ് കണ്ടു. അവിടെ കയറിയപ്പോൾ നോവലിന്റെ പ്രതിഫലം കിട്ടി. ലോട്ടറിയടിച്ച പ്രതീതി.
കലിയുഗം സിനിമയാകുന്നു
24 -ാം വയസിൽ ജനയുഗത്തിലെ കാമ്പിശ്ശേരി നോവൽ ചോദിച്ചെഴുതിയ കത്ത് കിട്ടി. കലിയുഗം അയച്ചുകൊടുത്തു. അദ്ദേഹമത് മഞ്ഞിലാസിന് സിനിമയാക്കാൻ കൊടുത്തു. 'തകഴിയുടെ ചുക്കും മലയാറ്റൂരിന്റെ പൊന്നിയും സിനിമയാക്കാൻ സമ്മതം വാങ്ങിയ ഞങ്ങൾ അവ മാറ്റിവച്ച് താങ്കളുടെ കലിയുഗം ചലച്ചിത്രമാക്കുന്നു" എന്ന കത്ത് കിട്ടി. തിരക്കഥയെഴുതിയത് തോപ്പിൽ ഭാസി. സംവിധാനം കെ.എസ് സേതുമാധവൻ. 1973ലായിരുന്നു അത്. ആലുവയിൽ നടക്കുന്ന ഷൂട്ടിംഗിൽ പങ്കെടുക്കണമെന്ന് എം.ഒ ജോസഫ് എഴുതിയെങ്കിലും എൻ.ജി.ഒ അദ്ധ്യാപക സമരത്തിൽ പങ്കെടുക്കുന്നതിനാൽ പോയില്ല.
ഗ്രാമ്യഭാഷയുടെ മുണ്ടൂർപ്പെരുമ
പാലക്കാടൻ ജീവിതവും ഗ്രാമ്യഭാഷയും സേതുമാധവന്റെ കഥകളിൽ നിറഞ്ഞു കാണാം. ഒരു കാലഘട്ടത്തിന്റെ സംസ്കൃതിയെ അറിയാൻ അദ്ദേഹത്തിന്റെ കഥകൾ ധാരാളമാണ്. ഗ്രാമഭാഷയെ അദ്ദേഹം പൊളിച്ചെഴുതിയില്ല. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഓട്ടുപുരയാണ് അദ്ദേഹത്തിന്റെ വീട്. ഇത് പൊളിക്കാൻ മനസ് സമ്മതിച്ചില്ല. അതേ ഗൃഹാതുരതയാണ് പാലക്കാടൻ ഭാഷയോടും അദ്ദേഹത്തിനുള്ളത്. 'കൊല്ലില്ല ഞാനെന്റെ നാടിന്റെ ഭാഷയെ" എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
(ലേഖകന്റെ ഫോൺ: 9946108346)
ജീവിതവഴി
1942ൽ പാലക്കാട് മുണ്ടൂരിൽ ജനിച്ചു. 30 വർഷം അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്നു. 1962ൽ ആദ്യകഥ പ്രസിദ്ധീകരിച്ചു. പ്രധാന കൃതികൾ: നിറങ്ങൾ, കലിയുഗം, മരണഗാഥ, ഈ ജൻമം, അനസൂയയുടെ സ്വപ്നങ്ങൾ (നോവലുകൾ), ആകാശം എത്ര അകലെയാണ്, കേട്ടുവോ ആ നിലവിളി, പൊറാട്ടുചെണ്ട, കവാടങ്ങളില്ലാത്ത മുറി, മുണ്ടൂര് (കഥകൾ), തിരഞ്ഞെടുത്ത കഥകൾ. ആകാശം എത്ര അകലെയാണ് എന്നതിന് മുണ്ടശ്ശേരി അവാർഡ് ലഭിച്ചു. അമ്മ കൊയ്യുന്നു എന്ന കഥ ഏഴാം ക്ലാസ് മലയാളം പാഠാവലിയിൽ ഉൾപ്പെടുത്തിയിരുന്നു. ഭാര്യ: കപ്പടത്ത് അംബിക. മകൾ: ശ്യാമ. മരുമകൻ: സി.കെ ബിജു. പേരമകൾ: കെ. ഗാഥ.