തൃശൂർ: വനിതാദിനത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ കാര്യാലയങ്ങളിലെ വനിതാ മേധാവികൾ കളക്ടറുടെ നേതൃത്വത്തിൽ ഒത്തുചേർന്നു. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന 'സമന്വയ' ഒത്തുചേരൽ യോഗത്തിൽ 25 വകുപ്പ് വനിതാ മേധാവികൾ പങ്കെടുത്തു. ജില്ലാ ഭരണകൂടവും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച യോഗം ജില്ലാ കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്തു. അറിയപ്പെടാത്ത ഒട്ടനവധി ശക്തരായ സ്ത്രീകൾ സമൂഹത്തിലുണ്ട്. അവർക്ക് വേണ്ടി നമുക്ക് എന്തല്ലാം ചെയ്യാൻ സാധിക്കുമെന്ന തീരുമാനങ്ങളാണ് വനിതാ ദിനത്തിൽ നമ്മളെടുക്കേണ്ടതെന്നും കളക്ടർ പറഞ്ഞു. മാസത്തിൽ ഒരിക്കലെങ്കിലും വനിതകളുടെ ഒത്തുചേരൽ സംഘടിപ്പിക്കാനും വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടർ എൽ.ആർ. ഉഷാബിന്ദുമോൾ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ മീര, സബ് ജഡ്ജിയും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ നിഷി കെ.എസ്, വിവിധ വനിതാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.