കയ്പമംഗലം: കടലാക്രമണം നേരിടുന്ന പഞ്ചായത്തുകൾക്ക് താത്കാലിക പരിഹാരമാർഗമായി പഞ്ചായത്ത് തനത് ഫണ്ട് 10 ലക്ഷം വരെ ഉപയോഗിക്കാൻ അനുമതി. കയ്പമംഗലം മണ്ഡലത്തിൽ കടലാക്രമണം നിരന്തരമായി നേരിടുന്ന പഞ്ചായത്തുകളായ എറിയാട്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകൾ വർഷകാലത്ത് കടലാക്രമണം നേരിടുന്നവയാണ്.
തീരദേശ സംരക്ഷണത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ജിയോ ബാഗ്, മണൽ ചാക്ക് തുടങ്ങി താത്കാലിക പരിഹാര മാർഗങ്ങൾക്കായും പത്തു ലക്ഷം രൂപ വീതം പഞ്ചായത്ത് തനതു ഫണ്ടിൽ നിന്നും ലഭ്യമാക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ ഉത്തരവ് നൽകിയത്. തീരദേശത്തിനും തീരദേശ പഞ്ചായത്തുകൾക്കും ഉത്തരവോടെ സർക്കാർ വീണ്ടും പരിഗണന നൽകിയിരിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു.