 
കുന്നംകുളം: പഴഞ്ഞി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച ജല ഗുണനിലവാര പരിശോധന ലാബിന്റെയും ഒരു കോടി രൂപ അടങ്കലിൽ നിർമ്മിക്കുന്ന ഹൈസ്‌കൂൾ ക്ലാസ് മുറികളുടെയും ശിലാസ്ഥാപനം എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ഇതോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതി 2020-21 ൽ ഉൾപ്പെടുത്തിയ പഴഞ്ഞി ഗവ. ഹൈസ്‌കൂളിനു വേണ്ടിയുള്ള ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനവും നടന്നു.
ഹരിതകേരളം മിഷന്റെ ഭാഗമായ ജല ഉപമിഷൻ പദ്ധതിയായ ജലഗുണപരിശോധന ലാബുകൾ സംസ്ഥാനത്തെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നു. കുന്നംകുളം മണ്ഡലത്തിൽ 8.75 ലക്ഷം രൂപ ചിലവിൽ 7 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെയാണ് ലാബുകൾ സ്ഥാപിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നത്.
നടക്കുക അടിസ്ഥാന പരിശോധനകൾ
അടിസ്ഥാന പരിശോധനകൾ മാത്രമാണ് ഇവിടെ സംഘടിപ്പിക്കാനാവുക. ആദ്യഘട്ടത്തിൽ വിദ്യർത്ഥികളും തുടർന്ന് പൊതുജനങ്ങളും കൊണ്ടുവരുന്ന സാമ്പിളുകളായിരിക്കും ഇവിടെ പരിശോധിക്കാൻ സൗകര്യമൊരുക്കുക. അതത് സ്‌കൂളുകളിലെ ശാസ്ത്രാധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലായിരിക്കും പരിശോധനകൾ. അധിക വിശദ പരിശോധന ആവശ്യമുള്ള സാമ്പിളുകൾ കൂടുതൽ സംവിധാനങ്ങളുള്ള ജില്ലാ, സംസ്ഥാന ലാബുകളിലേയ്ക്ക് റഫർ ചെയ്യും. ഉപയോഗിക്കുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപന തലങ്ങളിൽ ജനകീയമായ ജലഗുണപരിശോധന ലാബ് സംവിധാനം ഉറപ്പുവരുത്തുന്ന ഹരിത കേരളമിഷൻ വഴി നടപ്പിലാക്കുന്ന സർക്കാർ പദ്ധതിയാണ് കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലും ആരംഭിച്ചിരിക്കുന്നത്.