രണ്ടുകൈ പെരുമ്പാറ റിസർവ് വനത്തിലെ കാട്ടുതീയുടെ വിദൂര ദൃശ്യം.
ചാലക്കുടി: രണ്ടുകൈയിലെ പെരുമ്പാറ റിസർവ് വനത്തിൽ കാട്ടുതീ പടരുന്നു. വൻതോതിൽ നാശനഷ്ടമുണ്ടായെന്ന് പറയുന്നു. തിങ്കളാഴ്ച തേനട്ടാംപാറ ഭാഗത്ത് നിന്നും തുടങ്ങിയ തീയാണ് ഏക്കർ കണക്കിന് വനത്തെ ചാരമാക്കി ഇപ്പോൾ പെരുമ്പാറയിൽ എത്തിയത്. ഏകദേശം അഞ്ഞൂറോളം ഏക്കർ വനത്തിൽ നാശമുണ്ടായെന്നാണ് വിവരം. വനപാലകരും വി.എസ്.എസ് പ്രവർത്തകരും തീയണക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. നാട്ടുകാരുടെ സഹകരണത്തോടെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം ചൊവ്വാഴ്ച വൈകീട്ടാണ് നിറുത്തിയത്. കഴിഞ്ഞ ദിവസം രണ്ടുകൈയിലെ തേക്കുതോട്ടത്തിലും തീയെത്തി. പൊട്ടൻകല്ല് പ്രദേശത്തെ നിരവധി മരങ്ങൾ കത്തി നശിച്ചിട്ടുണ്ട്. വർഷങ്ങളായി കിടക്കുന്ന വിറകും ചവറുകളുമാണ് മിക്കയിടങ്ങളിലും. ഇവിടങ്ങളിൽ നാലാൾ ഉയരത്തിലാണ് തീ പടരുന്നതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാട്ടുകാർ പറയുന്നു. അണയ്ക്കാനായില്ലെങ്കിൽ വരുംദിവസങ്ങളിൽ കോർമല പ്രദേത്തേയ്ക്ക് തീ പടരാൻ ഇടയാകും.