അവിണിശ്ശേരി: കണിമംഗലം ബണ്ട് പാലം ഉയരം കൂട്ടരുതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു. പ്രദേശത്തുള്ള മുപ്പതോളം വീടുകളിലേയ്ക്കുള്ള പ്രവേശനം ഇല്ലാതാക്കുന്ന രീതിയിലുള്ള പാലം ഉയർത്തൽ അനുവദിക്കാൻ പാടില്ലെന്ന് യോഗം ആവശ്യപ്പെട്ടു. നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ മുഖേന മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ജില്ലാ കളക്ടർക്കും വിഷയത്തെ സംബന്ധിച്ച് നിവേദനം നൽകാനും തീരുമാനിച്ചു. അതിലേയ്ക്കായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. വാർഡ് മെമ്പർമാരായ വൃന്ദ, പ്രദീപ്, ഗീത സുകുമാരൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർന്മാൻ ജോൺസൺ, കെ.കെ. മോഹനൻ, ശശി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.