തൃശൂർ: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും പാണഞ്ചേരി പഞ്ചായത്തും സംയുക്തമായി പട്ടികവർഗ കോളനികളുടെ സമഗ്ര വികസനത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് മണിയൻ കിണർ എസ്.ടി കോളനിയിൽ കളക്ടർ ഹരിത വി.കുമാർ നിർവഹിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആത്മ പദ്ധതി, ജനകീയാസൂത്രണ പദ്ധതി, വിവിധ വകുപ്പുകളുടെ സേവനം എന്നിവ പ്രയോജനപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്ന 50 വയസിന് താഴെയുള്ളവർക്കായി 20 പേർക്ക് മേസൻ പരിശീലനം, കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി പച്ചക്കറി കൃഷിക്കാവശ്യമായ വിത്തും വളവും വിതരണം ചെയ്യൽ, പച്ചക്കറി കൃഷി പരിശീലനം, പി.എസ്.സി വൺടൈം രജിസ്‌ട്രേഷൻ ക്യാമ്പും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ മികച്ച പട്ടികജാതി കർഷകനുള്ള അവാർഡ് വിതരണവും ഉണ്ടാകും. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം. ബൈജു, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവിന്ദ്രൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.സി. സത്യവർമ എന്നിവർ പങ്കെടുക്കും.