ചേർപ്പ്: പെരുവനം - ആറാട്ടുപുഴ പൂരങ്ങളിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിലെ പൂരം പുറപ്പാടായ മകയീര്യം പുറപ്പാട് ഇന്ന് രാത്രി നടക്കും. ഊരകം ക്ഷേത്രം കീഴ്‌ശാന്തി കൊടിമരത്തിൽ കൊടിക്കൂറ ഉയർത്തും. ക്ഷേത്രത്തിൽ വടക്കേ നടയിൽ പ്രദക്ഷിണവഴിക്ക് പുറത്ത് താത്കാലിക കൊടിമരവും ഉയർത്തും. പെരുവനം പൂരത്തിനായി ഊരകത്തമ്മ എഴുന്നള്ളിയാൽ, തൊട്ടിപ്പാൾ ഭഗവതി ഊരകം ക്ഷേത്രത്തിലെത്തി ക്ഷേത്രം കാവലായി ഇറക്കി എഴുന്നള്ളിക്കും. ഊരകം ക്ഷേത്രത്തിൽ നിന്ന് തിരിച്ചെഴുന്നള്ളുന്ന പിഷാരിക്കൽ ഭഗവതി ഊരകം മയമ്പിള്ളി ക്ഷേത്രകുളത്തിൽ ആറാടി സ്വക്ഷേത്രത്തിലേക്ക് എഴുന്നള്ളും. രാത്രി വലിയമ്പലത്തിനകത്ത് കൊട്ടിപ്പുറപ്പെടൽ ചടങ്ങിന് ശേഷം ദേവി പുറത്തേക്ക് എഴുന്നള്ളി പ്രദക്ഷിണ വഴിയിലൂടെ പടിഞ്ഞാറേ ഗോപുരത്തിലൂടെ പുറത്തേക്ക് എഴുന്നള്ളും. ആ സമയം സർക്കാരിന് വേണ്ടി പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി ആദരിക്കൽ, ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻമാരാരുടെ നേതൃത്വത്തിൽ 250 ഓളം വാദ്യകലാകാരന്മാർ അണിനിരന്നുകൊണ്ടുള്ള പാണ്ടി മേളം എന്നിവ നടക്കും. ദേവിയുടെ എഴുന്നള്ളിപ്പ് വടക്കു ഭാഗത്തേയ്ക്ക് പ്രവേശിക്കുന്നത്തോടെ 5 ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. പിന്നീട് മയമ്പിള്ളി ക്ഷേത്രക്കുളത്തിൽ ആറാട്ടുനടത്തും.