കൊടുങ്ങല്ലൂർ: കലാ സംഘങ്ങളെ സഹായിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പ് കേരള സംഗീത നാടക അക്കാഡമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന നാടകോത്സവം ഇന്ന് മുതൽ 16 വരെ കൊടുങ്ങല്ലൂരിൽ നടക്കും. അഞ്ച് നാടകങ്ങൾ വീതമുള്ള പത്ത് നാടകോത്സവങ്ങളിൽ ഒന്നാണ് മുസ്‌രിസ് പദ്ധതിയുമായി സഹകരിച്ച് കൊടുങ്ങല്ലൂരിൽ നടക്കുന്നത്. മുസ്‌രിസ് തീയറ്റർ ഫെസ്റ്റ് എന്ന പേരിൽ പുല്ലൂറ്റ് മുസ്‌രിസ് കൺവെൻഷൻ സെന്ററിലും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിലുമാണ് നാടകോത്സവം നടക്കുക.
നാടക ചർച്ചകൾ, മുതിർന്ന നാടക പ്രവർത്തകർക്ക് ആദരം, അനുബന്ധ സെമിനാർ, നൃത്ത സംഗീതനിശ, സോളോ നാടകാവതരണം എന്നിവ നടക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നാടകോത്സവം സിനിമാ നടി സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാഡമി ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷനാകും. വെള്ളിയാഴ്ച മുസ്‌രിസ് കൺവെൻഷൻ സെന്ററിൽ പ്രാദേശിക കലാകാരന്മാരുടെ അവതരണങ്ങളും 7ന് വല്ലച്ചിറ റിമംബറൻസ് തീയറ്ററിന്റെ ഇരുക്ക പിണ്ഡം കഥപറയുന്നു എന്ന നാടകവും നടക്കും. ശനിയാഴ്ച വൈകിട്ട് 7ന് കോഴിക്കോട് ബ്ലാക്ക്സ്റ്റേജ് കേദാരത്തിന്റെ ജാരൻ, ഞായറാഴ്ച കൊല്ലം പ്രകാശ് കലാകേന്ദ്രത്തിന്റെ തീണ്ടാരി പച്ച, തിങ്കളാഴ്ച പാലക്കാട് അത്‌ലറ്റ് കായിക നാടകവേദിയുടെ 1947 നോട്ട്ഔട്ട്, ചൊവ്വാഴ്ച മലപ്പുറം ലിറ്റിൽ എർത്ത് സ്‌കൂൾ ഒഫ് തീയറ്ററിന്റെ ദി വില്ലൻമാർ എന്നീ നാടകങ്ങൾ നടക്കും. ബുധനാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ നാടക പ്രവർത്തകരെ ആദരിക്കൽ, തുടർപാട്ട്, വേണു പൂതോട്ടിന്റെ നാടക ഗാനങ്ങൾ, യു ട്യൂബ് റിലീസിംഗ് എന്നിവ നടക്കും.