കൊടുങ്ങല്ലൂർ: നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജയും വൈസ് ചെയർമാൻ കെ.ആർ. ജൈത്രനും എൽ.ഡി.എഫ് ഭരണസമിതിയുടെ ഭരണ പരാജയം മറച്ചുപിടിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം. നഗരസഭാ ക്രിമറ്റോറിയത്തിൽ ചെയർപേഴ്‌സനെ റബർ സ്റ്റാമ്പാക്കി കൗൺസിൽ തീരുമാനം അട്ടിമറിച്ച് രാഷ്ടീയ താത്പര്യങ്ങൾക്ക് വേണ്ടി നഗരസഭയുടെ സാമ്പത്തിക നഷ്ടം പോലും കണക്കിലെടുക്കാതെ വൈസ് ചെയർമാൻ അഴിമതി നടത്തുകയാണ്. ഇത് കൗൺസിലിൽ ചോദ്യം ചെയ്യപ്പെടുമെന്ന് തിരിച്ചറിഞ്ഞ വൈസ്ചെയർമാൻ ഒരുക്കിയ കെണിയിൽ കുടുങ്ങിയ ചെയർപേഴ്‌സൺ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെ ഒരു മിനിറ്റിൽ അജൻഡ പാസാക്കിയതായി പ്രഖ്യാപിച്ച് കൗൺസിൽ വിട്ടോടുകയായിരുന്നു. ഹാജർ ബുക്കിൽ ഒപ്പു വയ്ക്കുന്നതിനും ഹാജർനില പരിശോധിക്കുന്നതിനും ആവശ്യമായ നടപടി ഉണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ് രേഖാമൂലം നഗരസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും, നീതിനിഷേധം നടത്തിയതിലും ബി.ജെ.പി കൗൺസിലർമാരെ കള്ളക്കേസിൽ കുടുക്കിയതിലും പ്രതിഷേധിച്ച് ബി.ജെ.പി വികസന സെമിനാറിൽ നിന്നും വിട്ടുനിൽക്കുന്നതായി നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ അറിയിച്ചു. പാർലിമെന്ററി പാർട്ടി യോഗത്തിൽ മണ്ഡലം പ്രസിസന്റ് കെ.എസ്. വിനോദ്, എൽ.കെ. മനോജ്, രശ്മി ബാബു, ഒ.എൻ. ജയശദേവൻ, ശാലിനി വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുത്തു.