പാവറട്ടി: തോളൂർ, എളവള്ളി, മുല്ലശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോക്കൂർ- ചോരാത ലിങ്ക് റോഡ് നിർമ്മിക്കാൻ തീരുമാനമായി. മൂന്നു പഞ്ചായത്തിലേയും ജനപ്രതിനിധികളും കർഷകരും ചേർന്നാണ് റോഡ് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം വിട്ടുകൊടുക്കാൻ ധാരണയായത്. കൊയ്ത്ത് കഴിഞ്ഞാൽ റോഡിനുള്ള സ്ഥലം അളന്നു തിരിച്ച് കുറ്റിയടിക്കാനാണ് തീരുമാനം. അതിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ സ്ഥലം ഓരോ കർഷകരും പഞ്ചായത്തുകൾക്ക് കൈമാറും. റോഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞാൽ വിവിധ ഫണ്ട് സ്രോതസ്സുകളിൽ നിന്നും റോഡിന് ആവശ്യമായ തുക വകയിരുത്തും. റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നതിന് 16 അംഗ കമ്മിറ്റിയെയും കർഷകരിൽ നിന്നും തിരഞ്ഞെടുത്തിട്ടുണ്ട്. ആലോചനാ യോഗത്തിൽ എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ്, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജ്, ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ.ഡി. വിഷ്ണു, ടി.സി. മോഹനൻ എന്നിവർ പ്രസംഗിച്ചു.

പറപ്പൂർ സെന്ററിൽ നിന്നും ഒരു കിലോമീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള റോഡ് ചോരാത പാലം വരെ എത്തി നിൽക്കുന്നുണ്ട്. അഞ്ചു മീറ്റർ വീതിയുള്ള പാലവും നിലവിലുണ്ട്. എന്നാൽ ചോരാത പാലം മുതൽ കോക്കൂർ തിരിവ് വരെ 1.5 കിലോമീറ്റർ ദൂരമാണുള്ളത്. 2009 ൽ നടത്തിയ ശ്രമത്തിന്റെ ഭാഗമായി കോക്കൂർ ഭാഗത്ത് എട്ട് മീറ്റർ വീതിയിൽ 250 മീറ്ററും ചോരാത ഭാഗത്ത് 350 മീറ്റർ നീളത്തിൽ 8 മീറ്റർ വീതിയിലും റോഡ് നിർമ്മിച്ചിരുന്നു. ഇനിയുള്ള 900 മീറ്റർ ദൂരമാണ് ലിങ്ക് റോഡിന് ആവശ്യമായി വരുന്നത്.

പറപ്പൂർ സെന്ററിലേക്ക് യാത്രാസമയം കുറയും
ലിങ്ക് റോഡ് വരുന്നതോടെ കോക്കൂരിൽ നിന്നും പറപ്പൂർ സെന്ററിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരമേ യാത്ര ചെയ്യേണ്ടി വരൂ. ഇപ്പോൾ അത് 4 കി.മീറ്ററാണ്. ഇരുപതിലധികം 90 ഡിഗ്രി തിരിവുകൾ ഒഴിവാകുകയും ചെയ്യും. കർഷകർക്ക് വിത്തും വളവും ട്രാക്ടറും കൊയ്ത്ത് മെതി യന്ത്രങ്ങളും കൊണ്ടുപോകുന്നതിന് കൂടുതൽ സൗകര്യമാകും. എളവള്ളി പഞ്ചായത്തിൽ നിർമ്മിക്കാൻ പോകുന്ന കൃത്രിമ തടാകത്തിലേയ്ക്കുള്ള യാത്രാ സൗകര്യവും വർദ്ധിക്കും.

റോഡിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകിട്ടിയാൽ പുതിയ കമ്മിറ്റി രൂപീകരിച്ച് റോഡ് നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തി അടിയന്തരമായി നിർമ്മാണം തുടങ്ങും.
-ജിയോഫോക്‌സ്, ശ്രീദേവി ജയരാജൻ
(പഞ്ചായത്ത് പ്രസിഡന്റുമാർ)