കുന്നംകുളം: ചെറുവള്ളിപ്പുഴ നമ്പരപ്പടവിൽ പമ്പിംഗ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി മോട്ടർത്തറകളുടെ നിർമാണം ആരംഭിച്ചു. കർഷകരുടെ പരാതിയെത്തുടർന്നാണ് നടപടി. 30 വർഷത്തിലധികമായി തരിശായി കിടന്നിരുന്ന 90 ഏക്കറിൽ 2018 മുതലാണ് കൃഷിയിറക്കാൻ തുടങ്ങിയത്. മോട്ടോർത്തറകളുടെ അഭാവം കാരണം പമ്പിംഗിന് കാലതാമസമെടുക്കുകയും കൃഷിയിറക്കൽ വൈകുകയും ചെയ്തിരുന്നു. കലുങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന താത്കാലിക മോട്ടോർതറയിലൂടെയുള്ള പമ്പിംഗ് കർഷകർക്ക് അപകടം വിതയ്ക്കുന്നതായിരുന്നു. നൂറടിത്തോടിനോട് ചേർന്നും ആനക്കുണ്ടിനോട് ചേർന്നും രണ്ട് മോട്ടോർത്തറകളാണ് കോൾ വികസന സമിതി അനുവദിച്ചിട്ടുള്ളത്. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ വെള്ളത്തിൽ തെങ്ങ് താഴ്ത്തിയിറക്കിയുളള പൈലിംഗ് പ്രവർത്തനങ്ങളാണ് നടക്കുന്നത്. പൈലിംഗിന് ശേഷം നാലുവശവും കെട്ടി വെള്ളം കയറാതെ നിറുത്തും. ശേഷം കോൺക്രീറ്റിടൽ ജോലികൾ ആരംഭിക്കും. ഏപ്രിൽ അവസാനത്തോടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പാടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് 50 എച്ച്.പി.യുടെയും 30 എച്ച്.പി.യുടെയും മോട്ടോർ അനുവദിച്ചിട്ടുണ്ട്. വെള്ളത്തിന്റെ അടിയിൽ സ്ഥാപിക്കുന്ന തരത്തിലുള്ള മോട്ടോറുകളാണിവ. മോട്ടോർത്തറകൾക്കുപുറമേ ആനക്കുണ്ടിനോട് ചേർന്ന് പുതിയ കലുങ്കും ഉൾപ്പെടെ 90 ലക്ഷത്തിന്റെ പ്രവർത്തനങ്ങളാണ് നമ്പരപ്പടവിൽ ചെയ്യുന്നത്. മോട്ടോർത്തറകളുടെ നിർമ്മാണം പൂർത്തികരിക്കുന്നതോടെയും മോട്ടോർ സ്ഥിരമാകുന്നതോടെയും പമ്പിംഗ് പ്രവർത്തനം വേഗത്തിലാക്കി കൃഷി നേരത്തെയിറക്കാനും കൃഷിക്ക് ആവശ്യമായ സമയത്ത് വെള്ളം തിരിച്ചിറക്കാനും കഴിയും. സ്ഥിരമായി മോട്ടോർ ഇല്ലാത്തതിനാൽ വാടകയിനത്തിൽ കർഷകർക്ക് വലിയ തുക അധിക ചെലവായി വന്നിരുന്നു.