കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന പതിനൊന്നാം വാർഡിലെ സബ് സെന്റർ രണ്ടായിരം സ്‌ക്വയർ ഫീറ്റ് സൗകര്യത്തോടെ അത്യാധുനികരീതിയിൽ പ്രവർത്തനം ആരംഭിക്കുവാനുള്ള നടപടികൾക്ക് തുടക്കമായി. എ.ഐ.ബി.ഇ.എ (ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ) എന്ന സംഘടനയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സബ്‌ സെന്ററിന് എസ്റ്റിമേറ്റ് പ്രകാരമുള്ള മുഴുവൻ സഖ്യയും നൽകും. ആർദ്രം പദ്ധതിയുടെ ഭാഗമായി ഏഴ് ലക്ഷം രൂപ ഡിപ്പാർട്ട്‌മെന്റ് നൽകും. തുടർന്ന് കെട്ടിടം പൂർത്തിയാക്കാൻ വേണ്ടിവരുന്ന എസ്റ്റിമേറ്റ് തുകയിൽ മുഴുവനായും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു. പദ്ധതി അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിഷ അജിതൻ, സന്തോഷ് കോരുചാലിൽ, വിനിൽ ദാസ്, ഷാഹിന ജലീൽ, ജോസി ടൈറ്റസ്, ഡോ. നിമിഷ, ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് തുടങ്ങിയവർ സംബന്ധിച്ചു.