1

തൃശൂർ: മൊബൈലിൽ വരുന്ന മെസേജുകളിലോ ആപ്പുകളിലോ അറിയാതൊരു ക്‌ളിക്ക് മതി വലിയൊരു വലയിൽ ചെന്നുപെടാൻ. ആകർഷകം, നൂലാമാലകളില്ലാത്ത വായ്പ, പേപ്പർ ഇടപാടുകൾ ഒന്നുമില്ല... എന്നിങ്ങനെ നിരവധി മോഹനവാഗ്ദാനങ്ങളും പ്രലോഭനങ്ങളും നൽകി വരുന്ന വെബ്‌സൈറ്റുകളെയും ആപ്പുകളെയും നിയന്ത്രിക്കാനാകാതെ കൈമലർത്തുകയാണ് പൊലീസ്. ഇതുസംബന്ധിച്ച പരാതികൾക്ക് മുന്നിലും പൊലീസിന് ഇടപെടാൻ കഴിയുന്നില്ല. വ്യക്തിഗതവിവരങ്ങൾ ചോർത്താനുളള ലക്ഷ്യത്തോടെയാണ് മിക്ക തട്ടിപ്പുസംഘങ്ങളും വലവീശുന്നതെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.

സാധാരണ ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ആധാർ കാർഡും പാൻ കാർഡും ഉണ്ടെങ്കിൽ അനായാസമായി പണം ലഭിക്കുമെന്നാണ് തട്ടിപ്പുകാരുടെ പ്രധാനവാഗ്ദാനം. ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് സ്വകാര്യ വിവരങ്ങൾ ചോർത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോൺ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാർക്ക് അവസരം ലഭിക്കുന്നുണ്ട്. കാലത്തിനനുസരിച്ച് തട്ടിപ്പുകാർ അവരുടെ തന്ത്രങ്ങളും അപ്‌ഡേറ്റ് ചെയ്യും. ഒരു തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടാൽപോലും മറ്റൊന്നിൽ വീഴാനും സാദ്ധ്യകളേറെ.

ജാഗ്രതവേണം

- റിസർവ് ബാങ്ക് നിഷ്‌കർഷിക്കുന്ന സ്ഥാപനങ്ങളിൽ നിന്നു മാത്രം വായ്പയെടുത്ത് സുരക്ഷിതത്വം ഉറപ്പാക്കുക.
- തട്ടിപ്പ് ശ്രദ്ധയിൽപ്പെടുകയോ ഇരയാവുകയോ ചെയ്താൽ റിസർവ് ബാങ്കിന്റെ സൈറ്റിലും പൊലീസിലും വിവരം നൽകുക
- ബാങ്ക് പ്രതിനിധികൾ എന്ന വ്യാജേനെ ഉപഭോക്താക്കളെ ബന്ധപ്പെടുന്ന തട്ടിപ്പുകാരെ കരുതിയിരിക്കുക

പ്ലേസ്റ്റോറിൽ ധാരാളം ഇൻസ്റ്റന്റ് ലോൺ ആപ്പുകളാണ് അനുദിനം പൊട്ടിമുളയ്ക്കുന്നത്. ഇവയിൽ ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും ആർ.ബി.ഐയുടെ എൻ.ബി.എഫ്.സി ലൈസൻസ് ഇല്ലാത്തവരാണ്. ഏഴു ദിവസം മുതൽ ആറുമാസംവരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകൾക്ക് 20% മുതൽ 40% വരെയുള്ള പലിശയും 10 മുതൽ 25 ശതമാനംവരെ പ്രോസസ്സിംഗ് ചാർജ്ജുമാണ് ഈടാക്കുന്നുണ്ടെന്ന് പറയുന്നു. കേവലം ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും സോഫ്റ്റ് കോപ്പികൾ മാത്രമേ വായ്പതുക അക്കൗണ്ടിലേക്ക് മാറ്റാൻ ഇവർ ആവശ്യപ്പെടുന്നുള്ളൂ. ഇ.എം.ഐ മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങും. പിന്നീട്, ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ ഫോൺ ഉടമ സമ്മതിച്ച ഉറപ്പുപ്രകാരം വായ്പയെടുത്തവരുടെ കോണ്ടാക്ട് വിവരങ്ങൾ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസേജ് അയയ്ക്കുകയും വിളിച്ചു ശല്യം ചെയ്യുകയും ചെയ്യും. തട്ടിപ്പിനിരയാകുന്നവർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ യാതൊന്നും ശ്രദ്ധിക്കാതെ വായ്പാ ആപ്പുകാർ ആവശ്യപ്പെടുന്ന പെർമിഷനുകൾ നൽകുന്നതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.

ബാങ്കുകൾ, അംഗീകൃത പണമിടപാട് സ്ഥാപനങ്ങൾ എന്നിവയുടേതെന്നു തോന്നിപ്പിക്കുന്ന ആപ്പുകൾ സ്‌ക്രീൻ ഷെയർ ആപ്പുകൾ മാത്രമായിരിക്കും. സ്‌ക്രീൻ ഷെയർ ആപ്പുകൾ അക്കൗണ്ട് ഉടമയെക്കൊണ്ട് ഡൗൺലോഡ് ചെയ്യിപ്പിക്കുന്നു. ആപ്പ് തുറക്കുന്നതോടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരം തട്ടിപ്പുകാർക്ക് ലഭ്യമാവും. അക്കൗണ്ട് ഉടമ ഉപയോഗിക്കുന്ന മൊബൈലിലെയോ, കമ്പ്യൂട്ടറിലെയോ വിവരം തട്ടിപ്പുകാർക്ക് ലഭ്യമാകുന്നതോടെ, തട്ടിപ്പ് എളുപ്പമാകുന്നു. ബാങ്ക് ഇടപാടുകൾ വരെ നിയന്ത്രിക്കാനുമാകും.