1

തൃശൂർ: കാർഷിക മേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെയും അവയുടെ പ്രവർത്തന രീതികളേയും സംബന്ധിച്ച് പഠിക്കുന്ന പൊതു കമ്പോള സർവേയ്ക്ക് ജില്ലയിൽ തുടക്കം. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് സർവേയ്ക്ക് നേതൃത്വം നൽകുന്നത്.

ജില്ലയിലെ 86 ഗ്രാമ പഞ്ചായത്തുകളിലും 7 നഗരസഭകളിലും കോർപറേഷനിലും സർവേ നടക്കും.

പ്രത്യേകം പരിശീലനം ലഭിച്ച സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ ജില്ലയിലെ എല്ലാ പൊതുകമ്പോളങ്ങളും സന്ദർശിച്ച് മൊത്ത, ചില്ലറ കച്ചവടക്കാരിൽ നിന്നും നേരിട്ട് വിവരം ശേഖരിക്കും. 2021 - 22 അടിസ്ഥാന വർഷമാക്കിയുള്ള സർവേയുടെ വിവരശേഖരണം മാർച്ച് 31നകം പൂർത്തിയാക്കും.

സർവേയുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് ശക്തൻ തമ്പുരാൻ മാർക്കറ്റിലെ മൊത്തകച്ചവടക്കാരിൽ നിന്നും വിവരം ശേഖരിച്ച് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ അദ്ധ്യക്ഷനായി. സർവേ സംബന്ധമായ വിവരം റിസർച്ച് ഓഫീസർ പി.എൻ. രതീഷ് വിശദീകരിച്ചു. വ്യാപാരി വ്യവസായി സമിതി തൃശൂർ ഏരിയാ പ്രസിഡന്റ് സേവ്യർ ചിറയത്ത്, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ടി.ഒ. ജോർജ്, വ്യാപാരി വ്യവസായി സമിതി തൃശൂർ ഏരിയാ ട്രഷറർ ഷിബു മഞ്ഞളി, പച്ചക്കറി കമ്പോളത്തിലെ വ്യാപാരി കാസിം, അഡീഷണൽ ജില്ലാ ഓഫീസർ ബി.വി. സോഫി എന്നിവർ പങ്കെടുത്തു.

കമ്പോളത്തിന്റെ ഉടമസ്ഥാവകാശം, കമ്പോള വിഭാഗം, കമ്പോളത്തിന്റെ പ്രവർത്തന മാർഗങ്ങൾ, വിപണന രീതികൾ, മൊത്ത ചില്ലറ കമ്പോളത്തരം, ഭൗതിക സാഹചര്യങ്ങൾ, സംഭരണ ശാലകളെ സംബന്ധിച്ച വിവരങ്ങൾ, ശുചിത്വ സൗകര്യങ്ങൾ, കച്ചവടക്കാരുടെ ശരാശരി എണ്ണം.

കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുമായ കാർഷിക ഉത്പന്നങ്ങളുടെ മൊത്ത/ചില്ലറ വ്യാപാരം നടത്തുന്ന പൊതുകമ്പോളങ്ങളുടെ ഡയറക്ടറി തയ്യാറാക്കുക, ഓരോ കമ്പോളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത മനസ്സിലാക്കുക, മൊത്തകച്ചവടം നടത്തുന്ന വ്യാപാരികളുടെ വിവരങ്ങൾ ശേഖരിക്കുക, കമ്പോളത്തിലെ സംഭരണ ശാലകളുടെ വിവരം ശേഖരിക്കുക, കാർഷിക ഉത്പന്നങ്ങളുടെ വിപണന രീതി മനസ്സിലാക്കുക തുടങ്ങിയവയാണ് സർവേയുടെ ലക്ഷ്യം.