കൊടകര: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം അനുസരിച്ച് ഓരോ പഞ്ചായത്തും നിർബന്ധമായും നടപ്പാക്കേണ്ട എം.സി.എഫ് പദ്ധതിയെ ആളൂർ പഞ്ചായത്തിൽ കോൺഗ്രസും ബി.ജെ.പിയും ചേർന്ന് തുരങ്കം വയ്ക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, പഞ്ചായത്ത് അംഗം യു.കെ. പ്രഭാകരൻ, സി.പി.എം ആളൂർ നോർത്ത് ലോക്കൽ സെക്രട്ടറി ഐ.എൻ. ബാബു, എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ എൻ.ബി.ലത്തീഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഓരോ പഞ്ചായത്തിലും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കൽ മാത്രമാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളിൽ നടക്കുന്നത്. ഇതിന് കെട്ടിടം പണിയുന്നതിനായി മാർച്ച് 31 നകം ചെലവഴിക്കാനായി കേന്ദ്ര സർക്കാർ 22 ലക്ഷം രൂപ ഗ്രാൻഡും അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ആളൂർ പഞ്ചായത്തിൽ താഴെക്കാട് ഭാഗത്ത് കെട്ടിടം പണിയുന്നതിനായി ഭരണ സമിതി യോഗത്തിൽ ഐക്യകണ്‌ഠേന തീരുമാനം എടുത്തതുമാണ്. എന്നാൽ എം.സി.എഫിന് കെട്ടിടം നിർമ്മിക്കാൻ ഭരണസമിതി യോഗത്തിൽ തീരുമാനമെടുത്ത കോൺഗ്രസ് പുറത്തുവന്ന് ബി.ജെ.പിയുമായി കൈ കോർത്ത് ഇല്ലാത്ത മാലിന്യ പ്രശ്‌നം ഉയർത്തിക്കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിയെ എതിർക്കുകയാണെന്നും അവർ ആരോപിച്ചു.