ചാലക്കുടി: ചാലക്കുടി ലയൺസ് ക്ലബും ചുങ്കത്ത് ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന് നിർദ്ധനർക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന കാതോരം 2022 പദ്ധതിക്ക് രൂപം നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭാ അതിർത്തിയിലെ 250 പേർക്ക് ആദ്യഘട്ടത്തിൽ ഉപകരണങ്ങൾ നൽകും. ശ്രവണ വൈകല്യങ്ങൾ പരിശോധിച്ച് അനുയോജ്യമായ ഉപകരണങ്ങൾ കണ്ടെത്താനായി പ്രത്യേക ക്യാമ്പുകൾ നടത്തും. ചാലക്കുടിയെ ശ്രവണ സൗഹൃദ പട്ടണമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലയൺസ് ക്ലബ് ചാർട്ടർ മെമ്പറും ചുങ്കത്ത് ഗ്രൂപ്പ് ചെയർമാനുമായ സി.പി. പോൾ ചുങ്കത്തിന്റെ വ്യാപാര പ്രവേശന വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി. പോൾ, ലയൺസ് ക്ലബ് ഭാരവാഹികളായ സാജു പാത്താടൻ, ബീന സാജു, ഡേവീസ് പള്ളിപ്പാട്ട്, അഡ്വ. ആന്റോ ചെറിയാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.