കൊടുങ്ങല്ലൂർ തച്ചപ്പിള്ളി പാലം പരിസരം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭ അതിർത്തി പങ്കിടുന്ന തച്ചപ്പിള്ളി പാലത്തിന് സമീപം മാലിന്യം കുമിഞ്ഞു കൂടി ദുർഗന്ധം വമിക്കുന്നു. അറവ് മാലിന്യങ്ങളും, ഗാർഹിക മാലിന്യങ്ങളുമടക്കം പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും നിറച്ചാണ് രാത്രിയുടെ മറവിൽ അജ്ഞാതർ വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്.
പാലത്തിനോട് ചേർന്ന റോഡിന്റെ ഇരുവശവും കുറ്റിക്കാടുകളാണ്. ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ റോട്ടിലേക്കും വ്യാപിച്ച് കിടക്കുകയാണ്. മൂക്ക് പൊത്താതെ ഈ വഴിക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കൂടാതെ റോഡിന് ഇരുവശവും മത്സ്യകൃഷി ചെയ്യുന്ന ജലാശയങ്ങളാണ്. മാലിന്യം വെള്ളത്തിൽ കലർന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. ലക്ഷക്കണക്കിന് രൂപ ചെലവാക്കിയാണ് കർഷകർ കൃഷിയിറക്കിയിട്ടുള്ളത്. ഇതെല്ലാം വെള്ളത്തിലാകുമോ എന്ന ആശങ്കയിലാണ് കർഷകർ. നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും രണ്ട് ദിവസം കഴിയുമ്പോഴേക്കും എല്ലാം പഴയപടി ആകുകയാണ്. പൊലീസിൽ പരാതി നൽകിയെങ്കിലും ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രദേശത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് ഇത്തരം സാമൂഹിക വിരുദ്ധരുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
റോഡിന്റെ ഇരുവശവും ടൈൽ പാകി കൈവരി കെട്ടി സംരക്ഷിച്ചാൽ ഒരു പരിധി വരെ മാലിന്യത്തിൽ നിന്നും സ്ഥലത്തെ മോചിപ്പിക്കാൻ കഴിയും. ഇതു സംബന്ധിച്ച് വാർഡ് തല കമ്മിറ്റി ചില പദ്ധതികൾ തയ്യാറാക്കി വരുന്നുണ്ട്.
ഗിരിജ ശിവൻ
വാർഡ് കൗൺസിലർ