 
കുന്നംകുളം: വേനൽ കടുത്തതോടെ പറവകൾക്ക് കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ പറവകൾക്ക് തണ്ണീർക്കുടം ഒരുക്കി മാതൃകയാകുകയാണ് വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗനും വടക്കേക്കാട് സ്റ്റേഷനിലെ ജനമൈത്രി പൊലീസും പ്രകൃതിസംരക്ഷണ സംഘവും. പാടങ്ങളും തോടുകളും ഏറെയുള്ള വടക്കേക്കാട് പരിധിയിൽ വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി പറവകൾ ആശ്രയിച്ചിരുന്ന തോടുകളും കുളങ്ങളും വറ്റിവരണ്ടു. ശക്തമായ വേനൽച്ചൂടിൽ കുടിവെള്ളം കിട്ടാതെ പറവകൾ ചത്തുവീണു തുടങ്ങി. ഈ സാഹചര്യത്തിലാണ് പ്രകൃതിസംരക്ഷണ സംഘം ജില്ലാ കമ്മിറ്റി സ്റ്റേഷൻ പരിസരത്ത് പറവകൾക്ക് തണ്ണീർകുടം ഒരുക്കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിക്കുന്നത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗൻ സ്റ്റേഷൻ പരിസരത്ത് തന്നെ തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ചെയ്തു. സബ് ഇൻസ്‌പെക്ടർ രാജീവ്, സ്റ്റേഷൻ റൈറ്റർ ലത്തീഫ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഫിറോസ്, ദേവേഷ്, പ്രകൃതി സംരക്ഷണ പ്രവർത്തകരായ ഷാജി തോമസ്, സലീം അവിയൂർ തുടങ്ങിയവർ സബന്ധിച്ചു