തൃപ്രയാർ: തൃപ്രയാർ തേവരുടെ യാത്രയ്ക്ക് വഴിയൊരുക്കി ഭക്തിയോടെ പ്രജകൾ. ഭക്തരുടെ ക്ഷേമം ആരാഞ്ഞെത്തുകയാണ് ഇന്നുമുതൽ തൃപ്രയാർ തേവർ. മകീരൃം പുറപ്പാട് കഴിഞ്ഞതോടെ ഇനി തൃപ്രയാറിന്റെ ഇരുകരകളിലും തേവരുടെ ഗ്രാമപ്രദക്ഷിണമാണ്.

രാജകീയ പ്രൗഢിയിലാണ് തേവർ എഴുന്നള്ളുക. സ്വന്തം വഴിയിലൂടെ മാത്രമേ തേവർ സഞ്ചരിക്കൂ എന്നാണ് വിശ്വാസം. ഇരുകരകളിലും തേവരുടെ വരവ് പ്രമാണിച്ച് വഴിയോരങ്ങൾ ചെത്തിമിനുക്കുകയും പന്തലിട്ട് കുരുത്തോലക്കെട്ടി അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

വരവേൽപ്പിനായി നിറപറയും നിലവിളക്കും വയ്ക്കും. വഴിയോരങ്ങൾ വൈദൃുത ദീപങ്ങളാൽ പ്രഭചൊരിയും. ആറാട്ടുകളാണ് തേവരുടെ ഗ്രാമപ്രദക്ഷിണത്തിലെ പ്രധാന ചടങ്ങ്. പുത്തൻകുളം, ബ്ളാഹയിൽ കുളം, കുറുക്കൻ കുളം, കോതകുളം, രാമൻ കുളം, കുട്ടൻകുളം എന്നിവിടങ്ങളിലാണ് തേവർ ആറാട്ട് നടത്തുക.

ഇന്ന് രാവിലെ സ്വർണക്കോലത്തിൽ നടക്കൽ പൂരത്തിന് എഴുന്നള്ളുന്ന തേവർ പുത്തൻ കുളത്തിൽ ആറാട്ട് നടത്തും. തുടർന്ന് ഭഗവാനെ അകത്തേക്ക് എഴുന്നള്ളിച്ചതിനുശേഷം ക്ഷേത്രച്ചടങ്ങുകൾ നടക്കും. വൈകിട്ട് കാട്ടൂർ പൂരത്തിന് പുറപ്പെടും.