റോഡിലേക്ക് വീണുകിടക്കുന്ന
കൊടുങ്ങല്ലൂർ: റോഡിലേക്ക് തൂങ്ങിക്കിടന്നിരുന്ന കേബിൾ കഴുത്തിൽ ചുറ്റി ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതിന്മാർക്ക് പരിക്ക്. എൻ.എച്ച് 66ൽ കൊറ്റംകുളം സെന്ററിൽ നിന്നും വടക്കുഭാഗത്താരുന്നു അപകടം. ശ്രീനാരായണപുരം അടിപറമ്പിൽ വിശ്വംഭരൻ മകൻ പ്രജിത്തിനും ഭാര്യ രേഷ്മയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ ആദ്യം കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ ജുബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രജിത്തിന്റെ തലച്ചോറിലേക്ക് പോകുന്ന ഞരമ്പുകൾ മുറിഞ്ഞിട്ടുണ്ട്. ഇയാളെ അടിയന്തര ഓപ്പറേഷന് വിധേയമാക്കി. രേഷ്മയുടെ കഴുത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ബി.എസ്.എൻ.എല്ലിന്റെ കേബിളുകളാണ് അപകടത്തിന് കാരണമായതായി പറയുന്നത്.
വില്ലനായി പാതയോരത്തെ കേബിളുകൾ
പാതയോരത്ത് താഴ്ന്ന് കിടക്കുന്നതും പൊട്ടി വീണതുമായ കേബിളുകൾ ജനത്തിന് ദുരിതമാകുന്നുണ്ട്. കേബിളുകൾ കിടക്കുന്നത് നിരത്തുകളിൽ വലിയ അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. ബി.എസ്.എൻ.എല്ലിന്റെയും സ്വകാര്യ കമ്പനികളുടെയും കേബിളുകളാണ് റോഡിന്റെ ഓരത്തായി അലസമായി ഇട്ടിരിക്കുന്നത്. ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നു. എന്നിട്ടും ആവശ്യമായ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രശ്നത്തിൽ ബി.എസ്.എൻ.എൽ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.