വടക്കാഞ്ചേരി: ജല അതോറിറ്റിയിലെ എച്ച്.ആർ. തൊഴിലാളികൾക്ക് ജനുവരി മാസം മുതൽ വേതനം ലഭിക്കുന്നില്ലെന്ന് പരാതി. ചേലക്കര, വടക്കാഞ്ചേരി എന്നീ പി.എച്ച്. സെക്ഷനുകളിൽ പണിയെടുക്കുന്ന ദിവസത്തൊഴിലാളികളുടെ വേതനമാണ് മുടങ്ങിയിട്ടുള്ളത്. ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഒരു പറ്റം തൊഴിലാളികൾ പട്ടിണിയുടെ വക്കിലാണ്. ഇതിനെതിരെ ശബ്ദിക്കുന്നവരെ പിരിച്ചുവിടുമെന്ന ഭീഷണിയുള്ളതായി തൊഴിലാളികൾ ആരോപിക്കുന്നു. ഇവർക്ക് ലഭിക്കേണ്ട തൊഴിൽ ജല അതോററ്റിയിലെ സ്ഥിരം ജീവനക്കാർ തട്ടിയെടുത്ത് പണം കൈപ്പറ്റുന്നതായും പരാതിയുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ വേതന വ്യവസ്ഥകളിൽ പോലും സർക്കാർ ഇടപെടുന്നുണ്ട്. എന്നാൽ ജല അതോററ്റിയുടെ കീഴിലുള്ള തൊഴിലാളികളുടെ വേതന സ്ഥിതിഗതികൾ പഠിക്കാനും പരിഹാരം കാണാനും ആരുമില്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. തൊഴിൽവേതനം ലഭിക്കാത്തപക്ഷം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്ന് തൊഴിലാളികൾ അറിയിച്ചു.