കൊടുങ്ങല്ലൂർ: കോട്ടപ്പുറം - ചന്തപ്പുര ബൈപാസിലെ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബെന്നി ബെഹന്നാൻ എം.പി വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് എൽ.ഡി.എഫ് ജനപ്രതിനിധികൾ വിട്ടുനിന്നു.

കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസിൽ എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്നാണ് എൽ.ഡി.എഫ് വിട്ടുനിന്നത്. ബൈപാസിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയുമായി ബന്ധപ്പെട്ട് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസിൽ നിന്ന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേർത്തത്.

2021 നവംബർ 15ന് ശിവാലയ കൺസ്ട്രക്ഷൻ കമ്പനിക്ക് ആറുവരിപാത നിർമ്മാണത്തിനായി നൽകിയ കരാറിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നത് ഉൾപ്പെടുത്തിയുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും അറിയിച്ചു. നഗരസഭ തീരുമാനിക്കുകയാണെങ്കിൽ ബൈപാസ് റോഡിൽ നഗരസഭ സ്ഥാപിച്ച 138 ഇലക്ട്രിക് പോസ്റ്റുകളിൽ വഴിവിളക്ക് കത്തിക്കാൻ ആവശ്യമായ സമ്മതം എൻ.എച്ച്.എ.ഐയിൽ നിന്ന് ലഭ്യമാക്കാൻ എം.പി എല്ലാ സഹായവും നഗരസഭക്ക് വാഗ്ദാനം നൽകി. യോഗത്തിൽ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് വി.എം. ജോണി, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ, നെജു ഇസ്മയിൽ, കെ.കെ. കുഞ്ഞുമൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.