swimming

തൃശൂർ: സംസ്ഥാന സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയ്ക്ക് കിരീടം. 463 പോയിന്റ് നേടിയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. 343 പോയിന്റോടെ എറണാകുളം രണ്ടം സ്ഥാനം നേടി. 109 പോയിന്റ് കരസ്ഥമാക്കിയ തൃശൂർ മൂന്നാം സ്ഥാനവും കോട്ടയം നാലാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ പി.ആർ. ബിനസും വനിതാ വിഭാഗത്തിൽ എറണാകുളത്തിന്റെ ശ്രേയാ മേരി കമലും വ്യക്തിഗത ചാമ്പ്യന്മാരായി.

പുരുഷ വിഭാഗം 50 മീറ്റർ ഫ്രീ സ്‌റ്റൈലിൽ തൃശൂരിന്റെ അർജുൻ ശംഭുയും വനിതാ വിഭാഗത്തിൽ എറണാകുളത്തിന്റെ കാരൻ ബെന്നിയും ഒന്നാം സ്ഥാനത്തോടെ ചാമ്പ്യൻഷിപ്പിലെ വേഗമേറിയ താരങ്ങളായി. തൃശൂർ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിയാണ് അർജുൻ ശംഭു. അങ്കമാലി വിശ്വജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസുകാരിയായ കാരൻ ബെന്നി മുതിർന്നവരെ പിന്നിലാക്കിയാണ് വേഗറാണിയായത്. കൊവിഡ് അടച്ചുപൂട്ടലുകൾക്കുശേഷം സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ പുതുതായി ഒരു റെക്കാഡ് പോലും പിറന്നില്ലെന്ന പ്രത്യേകതയും ഈ മത്സരത്തിലുണ്ട്.

പുരുഷ വിഭാഗം വാട്ടർപോളോ മത്സരത്തിൽ തിരുവനന്തപുരം, തൃശൂരിനെ പരാജയപ്പെടുത്തി കിരീടം ചൂടി. വനിതാ വിഭാഗത്തിൽ പാലക്കാടിനെ പരാജയപ്പെടുത്തി തിരുവനന്തപുരം ജേതാക്കളായി. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലുള്ള മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ ആരംഭിക്കും. മത്സരം ഞായറാഴ്ച സമാപിക്കും.