 
പാവറട്ടി: പാടൂർ ഇടിയഞ്ചിറയിൽ ഒഴുക്ക് ഇനി സുഗമമാകും. റഗുലേറ്റർ നിർമ്മാണത്തിന് ഉണ്ടാക്കിയിരുന്ന പഴയ റോഡിന്റെ തെക്ക് ഭാഗത്തെ മണൽതിട്ട മൂലം നീരൊഴുക്ക് തടസപ്പെട്ട നിലയിലായിരുന്നു. ബണ്ട് റോഡിൽ പുതുതായി നിർമ്മിച്ച സ്ലൂയീസിന്റെ പാർശ്വഭാഗത്ത് മണ്ണ് നിക്ഷേപിച്ച് തുടങ്ങി. 
മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ, കെ.എ. ബാലകൃഷ്ണൻ എന്നിവർ ഇടപെട്ടതോടെ ബണ്ട് റോഡിലെ തകർന്ന ഓവ് മാറ്റി പുതിയ സ്ലൂയീസ് നിർമ്മാണത്തിന് കെ.എൽ.ഡി.സിയെക്കൊണ്ട് എസ്റ്റിമേറ്റ് എടുപ്പിക്കുകയായിരുന്നു. മണ്ണ് നീക്കം ചെയ്ത് ബണ്ട് റോഡിനരികിൽ നിക്ഷേപിക്കുന്നതിനും തുക എസ്റ്റിമേറ്റിൽ ഉൾപ്പടുത്തിയിരുന്നു. സ്ലൂയീസ് നിർമ്മാണം പൂർത്തിയായി. പലക വിരിച്ചു കഴിഞ്ഞു. ഇനി പാർശ്വങ്ങളിലും താഴ്ന്ന ഭാഗങ്ങളിലും മണ്ണ് നിക്ഷേപിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. 
മഴക്കാലത്തുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടിനും ജനവാസ പ്രദേശങ്ങളിൽ വേനൽക്കാലത്ത് ഉപ്പ് വെള്ളം കയറാതിരിക്കുന്നതിനും സ്ലൂയീസ് ഉപകാരപ്പെടും.