തൃശൂർ: ഐ.എൻ.എൽ ഭരണഘടന അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി. അബ്ദുൽ വഹാബിനേയും സംസ്ഥാന ജന.സെക്രട്ടറി സി.പി. നാസർകോയ തങ്ങളെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന ദേശീയ കമ്മിറ്റിയുടെ അവകാശവാദം തള്ളിക്കളയുന്നുവെന്ന് ഐ.എൻ.എൽ ജില്ലാ കമ്മിറ്റി. സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനെ അംഗീകരിച്ചുകൊണ്ട് സംസ്ഥാന കൗൺസിൽ, സെക്രട്ടറിയേറ്റ് സമിതികളിൽ ഭൂരിപക്ഷം അംഗങ്ങളും പിന്തുണ പ്രഖ്യാപിക്കുന്നതായി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അഹമ്മദ് ദേവർകോവിലിനെ വിജയിപ്പിച്ചതും മന്ത്രി ആക്കിയതും പാർട്ടിയാണ്. മന്ത്രി തെറ്റുകൾ തിരുത്തി നിലവിലുള്ള സംസ്ഥാന കമ്മിറ്റിയുമായി യോജിച്ചു പ്രവർത്തിച്ചു മന്നോട്ടുപോകാൻ തയ്യാറാകണം. ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി ചാലക്കുടി, ജനറൽ സെക്രട്ടറി അൻവർ ചാപ്പാറ, സാലിസജീർ, സാബു സുൽത്താൻ എന്നിവർ പങ്കെടുത്തു.