ചേർപ്പ്: ഭക്തരെ അനുഗ്രഹിക്കാൻ ആറാട്ടുപുഴ ശാസ്താവ് ഇന്ന് പുറത്തേക്ക് എഴുന്നള്ളും. ആൽത്തറയ്ക്ക് സമീപം മേളം അവസാനിച്ചാൽ നാഗസ്വരം, ശംഖ്ധ്വനി, വലന്തലയിലെ ശ്രുതി എന്നിവയുടെ അകമ്പടിയോടെയാണ് തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത്. തൈക്കാട്ടുശ്ശേരി പൂരത്തിന് ശേഷം ആറാട്ടുപുഴ ശാസ്താവിന്റെ എടവഴിപൂരം ആരംഭിക്കും.

ഭഗവതിയുമായി ഉപചാരത്തിന് ശേഷം മടക്കയാത്രയിൽ ചാത്തക്കുടം ശാസ്താ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ് നടക്കും. ചാത്തക്കുടം മുതൽ ആറാട്ടുപുഴ വരെയുള്ള വീഥികളിൽ ഭക്തജനങ്ങൾ നിറപറകൾ ഒരുക്കി സ്വീകരിക്കും. ക്ഷേത്രത്തിലെ നിത്യപൂജകൾക്കും താന്ത്രിക ചടങ്ങുകൾക്കും ശേഷം വൈകിട്ട് 8ന് തന്ത്രി ഇല്ലമായ പെരുവനം കുന്നത്തൂർ പടിഞ്ഞാറേടത്ത് മനയ്ക്കലേക്കാണ് ശാസ്താവിന്റെ എഴുന്നള്ളത്ത്. അവിടെയുള്ള ഇറക്കിപ്പൂജ, അടനിവേദ്യം, പാണികൊട്ട് എന്നിവയ്ക്ക് ശേഷം നറുകുളങ്ങര ബലരാമ ക്ഷേത്രത്തിലേക്ക് യാത്രയാകും. നറുകുളങ്ങര ക്ഷേത്രത്തിൽ കൊട്ടി പ്രദക്ഷിണത്തിന് ശേഷം ശാസ്താവ് ആറാട്ടുപുഴയിലേക്ക് തിരിച്ചെഴുന്നള്ളിപ്പ് നടത്തും.