1

പുതുക്കാട് : ജനങ്ങളുടെ ചിരകാല അഭിലാഷമായ മിനി സിവിൽസ്റ്റേഷന് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബഡ്ജറ്റിൽ 10 കോടി. പുതുക്കാട് മണ്ഡലത്തിന്റെ ആസ്ഥാനമായ പുതുക്കാട് ടൗണിൽ പൊലീസ് -ഫയര്‍‌സ്റ്റേഷനുകൾക്ക് സമീപമാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. പുതുക്കാട് മണ്ഡലത്തിലെ എല്ലാ സർക്കാർ അനുബന്ധ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മിനി സിവിൽ സ്റ്റേഷനായുള്ള നടപടി സ്വീകരിച്ചത്. സംസ്ഥാന ബഡ്ജറ്റിൽ പുതുക്കാട് മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി കെ.കെ രാമചന്ദ്രൻ എം.എൽ.എ. അറിയിച്ചു. പത്ത് കോടി ചെലവിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ബഡ്ജറ്റിൽ അനുമതി ലഭിച്ചു. ഇതിനായി രണ്ട് കോടിയും മാറ്റിവച്ചിട്ടുണ്ട്. പുതുക്കാട് ഇരിങ്ങാലക്കുട മണ്ഡലങ്ങളുൾപ്പെടുന്ന നെല്ലായി വല്ലക്കുന്ന് റോഡിന്റെ നവീകരണത്തിനായി രണ്ട് കോടിയും ബഡ്ജറ്റിൽ അനുവദിച്ചു.

മറ്റ് പദ്ധതികളും ഫണ്ടും

വെള്ളാനിക്കോട് കള്ളായി വേപ്പൂർ റോഡ് പത്ത് കോടി
വെണ്ടോർ വട്ടണാത്ര പൂക്കോട് റോഡ് 8 കോടി
തൈക്കാട്ടുശ്ശേരി റോഡ് 370 ലക്ഷം
മുളങ്ങ് റോഡ് 270 ലക്ഷം
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ വർക്‌സ് സ്‌പേസ് പ്രൊജക്ട് കെട്ടിടനിർമ്മാണം 10കോടി
പറപ്പൂക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം 3 കോടി
നെന്മണിക്കര പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം 5 കോടി
വല്ലച്ചിറ പഞ്ചായത്ത് ഗ്രൗണ്ട്, പവലിയൻ നിർമ്മാണം 1 കോടി
മറ്റത്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം 3 കോടി
തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പൂർത്തീകരണം 50 ലക്ഷം
ആറ്റപ്പിള്ളി റെഗുലേറ്റർ കം ബ്രിഡ്ജ് അപ്രോച്ച് റോഡ് പൂർത്തീകരണം 4 കോടി.