 
കൊടകര: പഞ്ചായത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കിച്ചൻ ഷെഡ് & ഡൈനിംഗ് ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷയായി. തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് പ്രധാനാദ്ധ്യാപികയ്ക്ക് താക്കോൽ കൈമാറി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആദ്യമായി ഏറ്റെടുത്തു പൂർത്തീകരിച്ചതാണ് കിച്ചൻ ഷെഡ് & ഡൈനിംഗ് ഹാൾ.
സ്‌കൂളിന്റെ വികസന മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ സ്ഥലത്ത് 72 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 36 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ അടുക്കളയും 36 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ ഊട്ടുപുരയും ഉൾപ്പെടുന്നു. 15 ലക്ഷം രൂപ അടങ്കൽ തുകയിട്ട് ആരംഭിച്ച ഈ പ്രവൃത്തിക്ക് 515 തൊഴിൽ ദിനങ്ങളും കൂലിയിനത്തിൽ 14, 9865 രൂപയും കൂലിയിതരത്തിൽ 13, 50135 രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. 40 കുട്ടികൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ ഉള്ള സൗകര്യം ഊണുമുറിയിൽ ഒരുക്കിയിട്ടുണ്ട്. കൊടകര പഞ്ചായത്തിലെ മൂന്നാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ 15 തൊഴിലാളികളാണ് പ്രവൃത്തിയിൽ പങ്കാളികളായത്.