 
ഒല്ലൂക്കരയിൽ എസ്.ടി പദ്ധതികളുടെ ഉദ്ഘാടനം കളക്ടർ ഹരിത വി. കുമാർ നിർവഹിക്കുന്നു.
തൃശൂർ: സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലുടെ മാത്രമേ സ്ത്രീ ശാക്തീകരണം യാഥാർത്ഥ്യമാകൂവെന്ന് ജില്ലാ കളക്ടർ ഹരിത വി. കുമാർ. സാധാരണ സ്ത്രീകൾക്ക് ഇത് നേടിയെടുക്കാൻ കഴിയുന്നത് തൊഴിലുറപ്പ് പോലെയുള്ള സംരംഭങ്ങളിലൂടെയാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഒല്ലൂക്കര ബ്ലോക്കിലെ എസ്. ടി പദ്ധതികളുടെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അവർ. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പട്ടികവർഗ കോളനികളുടെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പിന്റെ ആത്മ പദ്ധതി, ജനകീയാസൂത്രണ പദ്ധതി, വിവിധ വകുപ്പുകളുടെ സേവനം എന്നിവ പ്രയോജനപ്പെടുത്തിയാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. ചടങ്ങിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലെ 50 വയസിൽ താഴെയുള്ള തൊഴിലാളികൾക്കായി 'മികവ്' വൈദഗ്ദ്ധ്യ പരിശീലനം, കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി പച്ചക്കറിക്കൃഷിക്കാവശ്യമായ വിത്തും വളവും വിതരണം ചെയ്യൽ, പച്ചക്കറി കൃഷി പരിശീലനം, കോളനിയിലെ യുവതി യുവാക്കൾക്കായി പി.എസ്.സി വൺടൈം രജിസ്‌ട്രേഷൻ ക്യാമ്പ് എന്നിവയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ മികച്ച പട്ടികജാതി കർഷകനുള്ള അവാർഡും വിതരണം ചെയ്തു. പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി അദ്ധ്യക്ഷത വഹിച്ചു.