ഗുരുവായൂർ: സംസ്ഥാന ബഡ്ജറ്റിൽ ഇന്നലെ ധനകാര്യ മന്ത്രി ബാലഗോപാൽ പ്രഖ്യാപിച്ചതിൽ ഗുരുവായൂരിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും. വിവിധ പദ്ധതികൾക്കായി 332 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്.
ബഡ്ജറ്റിൽ പ്രഖ്യാപിച്ച നിർമാണ പ്രവൃത്തികൾ ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കും. പുന്നയൂർക്കുളം പഞ്ചായത്തിൽ കടൽഭിത്തി നിർമ്മാണത്തിന് 4.25 കോടി രൂപയും എങ്ങണ്ടിയൂർ പഞ്ചായത്തിലെ മീൻകടവ്, മനപ്പാട്, മുറ്റികായൽ എന്നിവയുടെ സമീപത്തുള്ള വെസ്റ്റ് കോസ്റ്റ് കനാലിന്റെ പാർശ്വഭിത്തി നിർമാണത്തിന് 1.45 കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ പ്രധാന റോഡുകളായ ഗുരുവായൂർ - ആൽത്തറ - പൊന്നാനി റോഡ് വീതി കൂട്ടുന്നതിന് 6 കോടി രൂപയും, ചാവക്കാട് - വടക്കാഞ്ചേരി റോഡ് വീതി കൂട്ടുന്നതിന് 40 കോടി രൂപയും ചാവക്കാട് - വടക്കാഞ്ചേരി റോഡ് പുനരുദ്ധാരണത്തിനു 3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഒരുമനയൂർ പഞ്ചായത്തിലെ പാലംകടവിൽ ചേറ്റുവ പുഴയുടെ പാർശ്വഭിത്തി നിർമാണത്തിന് ഒരു കോടി രൂപയും ചാവക്കാട് ബ്ലാങ്ങാട് ഫിഷറീസ് ടവർ നിർമാണത്തിന് 20 കോടി രൂപയും, കാളമനക്കായൽ, കുണ്ടൂർക്കടവ് തോട് എന്നിവയിൽ ഡീസെൽറ്റേഷൻ പ്രവർത്തികൾക്കായി 5 കോടി രൂപയും ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രധാന പദ്ധതിയും തുകയും
കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യത്തിലും ഗുരുവായൂരിന്റെ വികസനത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചു.
- എൻ.കെ. അക്ബർ എം.എൽ.എ