 
തൃശുർ: ജില്ലയുടെ സാംസ്കാരിക പെരുമയ്ക്ക് തിളക്കം കൂട്ടി കേരള മ്യൂസിയം, തൊഴിൽ പ്രതീക്ഷകൾക്ക് പ്രത്യാശയുമായി ഐ.ടി -ഹൈടെക് വ്യവസായ ഇടനാഴി. ആരോഗ്യ, കാർഷിക, വെറ്ററിനറി സർവകലാശാലകൾക്കും കിലക്കും സഹായം. സയന്‍സ് പാര്‍ക്കുകൾ, ജില്ലാ സ്കില്‍ പാര്‍ക്കുകള്‍ അടക്കം പുതുതലമുറ സൗഹൃദ സംരംഭങ്ങൾ. പ്രതീക്ഷാനിർഭരമാണ് ജില്ലയെ സംബന്ധിച്ച് സംസ്ഥാന ബഡ്ജറ്റ്. പ്രഖ്യാപനങ്ങൾ നടപ്പിലായാൽ ജില്ലയുടെ മുഖച്ഛായ മാറും. കാർഷിക മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണം, പരമ്പരാഗത തൊഴിൽ മേഖലാ പരിപോഷണം, തീരസംരക്ഷണം, കോള്‍ നിലങ്ങളിലെ ജല കൈകാര്യ പദ്ധതി തുടങ്ങിയവയെല്ലാം ബഡ്ജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരളാ മ്യൂസിയം
കേരളത്തിന്‍റെ തനത് കലാരൂപങ്ങളും സാംസ്കാരിക വളർച്ചയുടെ വികാസ പരിണാമങ്ങളും അടയാളപ്പെടുത്തുന്ന കേരള മ്യൂസിയമാണ് ബഡ്ജറ്റിൽ ലഭിച്ച പ്രധാന പദ്ധതി. പ്രാരംഭ ചെലവിനായി 30 ലക്ഷം അനുവദിച്ചു. പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പുകളുടെ കീഴിൽ നിരവധി മ്യൂസിയങ്ങളുണ്ടെങ്കിലും കേരളത്തിന്‍റെ തനത് കലാരൂപങ്ങളും സാംസ്കാരിക വളർച്ചയും രേഖപ്പെടുത്തുാനും സൂക്ഷിക്കാനും ഒരു മ്യൂസിയം നിലവിലില്ലായിരുന്നു. ഇത് പരിഗണിച്ച് വിനോദം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകിയാകും നിർമ്മാണം.
ഐ.ടി ഇടനാഴി
5ജി ലീഡർഷിപ്പ് പാക്കേജ് ആദ്യം അവതരിപ്പിക്കുന്ന എറണാകുളം - കൊരട്ടി വിപുലീകൃത ഐ.ടി ഇടനാഴി ജില്ലയുടെ പ്രധാന പ്രതീക്ഷയാണ്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച്, എൻ.എച്ച് 66ൽ നിന്ന് സുഗമമായി എത്തിച്ചേരാവുന്ന നിർദിഷ്ട ഇടനാഴികളിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ 15-25 ഏക്കർ ഭൂമി പൊന്നും വിലയ്ക്ക് വാങ്ങി സാറ്റലൈറ്റ് ഐ.ടി പാർക്കുകൾ സ്ഥാപിക്കും.
ഏറ്റെടുക്കുന്ന ഭൂമിയില്‍ 50,000 മുതല്‍ 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 20 ചെറിയ പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശം. വ്യവസായ ഇടനാഴി കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയിൽ ഗിഫ്റ്റ് സിറ്റി, വ്യവസായ ഇടനാഴി എന്നീ രണ്ട് വ്യവസായ ശൃംഖലകളിലായി പതിനായിരം കോടിയുടെ നിക്ഷേപം ജില്ലയ്ക്കും അനുഗുണമാണ്. 22,000 പേർക്ക് നേരിട്ടും 80,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകുമെന്നുമാണ് കരുതുന്നത്. ഈ പദ്ധതിക്ക് ആവശ്യമായ 2000 ഏക്കർ ഭൂമിയിൽ 1000 ഏക്കർ സംസ്ഥാന പ്ലാൻ വിഹിതം ഉപയോഗിച്ചു. 1000 ഏക്കർ കിഫ്ബി ധനസഹായം ഉപയോഗിച്ചും നിർവഹിക്കും.
ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്റർ
സർവകലാശാല സെന്ററുകളോട് ചേർന്ന് ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററുകൾ സ്ഥാപിക്കും. ഇവയിൽ സ്റ്റാർട്ട് അപ്പ്, ഇൻകുബേഷൻ സെന്ററുകൾ സജ്ജമാക്കും. ഇതിനായി ജില്ലയിലെ ആരോഗ്യ, വെറ്ററിനറി, കാർഷിക സർവ്വകലാശാലകൾക്ക് 20 കോടി രൂപവീതം ലഭിക്കും. സർവകലാശാല കാമ്പസുകളിൽ പുതിയ ഹ്രസ്വകാല കോഴ്‌സും പി.ജി കോഴ്‌സും ആരംഭിക്കുന്നതിന് പ്രത്യേക പദ്ധതികൾ അനുവദിക്കും. അഞ്ചുവർഷത്തേക്ക് വിഭാവനം ചെയ്യുന്ന പദ്ധതിയിൽ ഓരോ യൂണിവേഴ്സിറ്റിയിലും 3 പ്രോജക്ടുകൾ വീതം ഈ വർഷം അനുവദിക്കും. ഇതിനായി 20 കോടി നീക്കിവെച്ചിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) 2020-21ൽ ആരംഭിച്ച വികേന്ദ്രീകരണം സർവേ പൂർത്തിയാക്കുന്നതുൾപ്പെടെയുളള പദ്ധതികൾക്കായി കിലയ്ക്ക് 33 കോടി അനുവദിച്ചു. കിലയെ പരിസ്ഥിതി സൗഹൃദ സൗരോർജ്ജ കാമ്പസാക്കും.
മഞ്ഞൾ പ്രസാദം
ആമ്പല്ലൂർ വട്ടണാത്ര സഹകരണ ബാങ്കുകളുടെ കൺസോർഷ്യം മഞ്ഞൾ കർഷകരെ സഹായിക്കാനായി നടത്തിയ പ്രവർത്തനം മാതൃകാപരമെന്ന് ബഡ്ജറ്റ്. ഈ ജനകീയ മാതൃക മറ്റിടങ്ങളിലേക്കും മറ്റ് ഉല്പന്നങ്ങളിലേക്കും വ്യാപിപ്പിക്കാനായി സഹകരണ ബാങ്കുകളേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും കൂട്ടിയിണക്കി പദ്ധതികൾ ആവിഷ്കരിക്കുമെന്നാണ് ബഡ്ജറ്റിലുള്ളത്.
കാർഷിക പ്രതീക്ഷ
ചക്കയില്‍ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കി 12 കോടി രൂപയിലേറെ വിറ്റുവരവ് നേടിയ വിജയകഥകൾ ജില്ലയ്ക്ക് കൂടി പ്രതീക്ഷ നൽകുന്നതാണ്. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷനുണ്ടാക്കുമെന്ന പ്രഖ്യാപനം കർഷകർക്ക് പ്രതീക്ഷയാണ്. മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ബള്‍ക്ക് ടെട്രാ പാക്കിംഗ്, പരിശോധനാ സര്‍ട്ടിഫിക്കേഷന്‍ മുതലായവയ്ക്ക് 175 കോടി ചെലവില്‍ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങള്‍ കേരളത്തിന്റെ തനതായ ഉല്‍പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും വിൽക്കാനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍, കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനത്തില്‍ മാര്‍ക്കറ്റിംഗ് കമ്പനി ഇതെല്ലാം പ്രതീക്ഷകളാണ്.
വനവും വന്യജീവി സംരക്ഷണവും
വനാതിര്‍ത്തികളുടെയും വനപരിധിയിലെ പ്രദേശങ്ങളുടെയും അതിര്‍ത്തി തിരിക്കല്‍, വനവത്കരണ പ്രവര്‍ത്തനം, വനാതിര്‍ത്തിയില്‍ താമസിക്കുന്ന സമൂഹങ്ങൾക്ക് വനസംരക്ഷണത്തില്‍ പങ്കാളിത്തം തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ക്കായി 26 കോടി അനുവദിച്ചതും ആശ്വാസമാണ്.
ബഡ്ജറ്റിൽ നിരാശ
സംസ്ഥാന ബഡ്ജറ്റ് ജില്ലയ്ക്ക് നിരാശാജനകം. പൊതുവായി ജില്ലകൾക്ക് നീക്കിവച്ച സ്കിൽ പാർക്കും നിയോജകമണ്ഡലങ്ങളിലെ നൈപുണ്യ കോഴ്സുകൾക്കും പുറമെ മറ്റൊന്നും കാര്യമായി ലഭിച്ചില്ല. മുൻ ബഡ്ജറ്റിൽ പ്രഖാപിച്ച ചരിത്ര മ്യൂസിയവും എറണാകുളം കൊരട്ടി ഐ.ടി ഇടനാഴിയുമാണ് ആകെ ലഭിച്ചത്. ജില്ലയിൽ നിന്ന് പന്ത്രണ്ട് എം.എൽ.എമാരും അതിൽ മൂന്ന് മന്ത്രിമാരും ഇടതുപക്ഷത്തു നിന്നുണ്ടായിട്ടും ബഡ്ജറ്റിൽ വലിയ അവഗണന നേരിട്ടു.
- അഡ്വ. ജോസഫ് ടാജറ്റ്, ഡി.സി.സി വൈസ് പ്രസിഡന്റ്
എസ്.സിക്കാർക്ക് അവഗണന
സംസ്ഥാന ബഡ്ജറ്റിൽ പട്ടികജാതി സമൂഹത്തെ പൂർണ്ണമായും അവഗണിച്ചു. കഴിഞ്ഞ ബഡ്ജറ്റിലെ പദ്ധതികളിൽ പകുതി പോലും നടപ്പിലാക്കിയില്ല. പട്ടികജാതി യുവജനങ്ങൾക്കായി എല്ലാ ജില്ലകളിലും യുവസഹകരണ സംഘം സ്ഥാപിക്കുമെന്നും വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കായി സമഗ്ര സർവേ നടത്തുമെന്നുമുള്ള പ്രഖ്യാപനം പോലും നടപ്പിലായില്ല. കഴിഞ്ഞ ബഡ്ജറ്റിൽ പട്ടികജാതി ക്ഷേമത്തിനായി പ്രഖ്യാപിച്ച തുകയുടെ 52.37 ശതമാനം ചെലവഴിച്ചില്ല. ഭവനപദ്ധതിക്കായി അനുവദിച്ച 400 കോടിയും ചെലവഴിച്ചില്ല.
- ഷാജുമോൻ വട്ടേക്കാട്, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ്