കയ്പമംഗലം: കയ്പമംഗലം മണ്ഡലത്തിലെ പ്രാദേശിക കുടിവെള്ള പദ്ധതിക്കായി 300 ലക്ഷം നീക്കി വച്ചതായി ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ. പ്രാദേശിക തലത്തിലുള്ള കുടിവെള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന തന്റെ ആവശ്യം അംഗീകരിച്ചാണ് സർക്കാരിന്റെ തീരുമാനമെന്നും എം.എൽ.എ പറഞ്ഞു.

തീരദേശ ജനതയ്ക്ക് വീടും സ്ഥലവും നൽകുന്ന പുനർഗേഹം വിപുലീകരിക്കുന്നതിനായി 16 കോടി വകയിരുത്തി. പെരിഞ്ഞനം പഞ്ചായത്ത് നടപ്പിലാക്കിയ പെരിഞ്ഞനോർജ്ജം എന്ന പദ്ധതി മാതൃകാപരമാണെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ പരാമർശിച്ചിരുന്നു. ദേശീയപാത നിർമാണത്തിനായി ദേശീയ പാത വിപുലീകരണത്തിന് 1.31 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ചക്കരപ്പാടം പാലത്തിനായി 6 കോടി,​ എറിയാട് പഞ്ചായത്തിലെ ആറാട്ടുവഴി പാലം നിർമ്മാണത്തിന് 6 കോടി,​ അഴീക്കോട് പടന്ന മുതൽ പാലപ്പെട്ടി എടത്തിരുത്തി വരെയുള്ള ഉൾനാടൻ റോഡ് നവീകരണത്തിന് 8 കോടി,​ തീരദേശത്ത് ടെട്രോപാഡ് കടൽഭിത്തി നിർമ്മിക്കാൻ 5 കോടി,​ പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം 10 കോടി തുടങ്ങി നിരവധി പദ്ധതികൾക്കാണ് പണം വകയിരുത്തിയിട്ടുള്ളത്.


ശ്രീനാരായണപുരം പഞ്ചായത്തിലെ പി. വെമ്പല്ലൂർ വേക്കോട് കോളനി നവീകരിക്കാൻ 200 ലക്ഷം

എടവിലങ്ങ് പഞ്ചായത്തിലെ കാര അറുപതാം കോളനി കാനകൾ നിർമ്മിച്ച് നവീകരിക്കാൻ ഒരു കോടി
പഞ്ചായത്ത് കെട്ടിട വിപുലീകരണത്തിന് 3 കോടി

എടവിലങ്ങിൽ ചുറ്റുമതിലോട് കൂടിയ ആധുനിക ക്രിമറ്റോറിയത്തിന് ഒന്നര കോടി

എടവിലങ്ങ് കൈതോല കൃഷി വ്യാപനത്തിന് 50 ലക്ഷം

മതിലകം രജിസ്ട്രാർ ഓഫീസ് പുനരുദ്ധരിക്കാൻ ഒരു കോടി
മതിലകം പഞ്ചായത്ത് സ്റ്റേഡിയത്തിന് ഒരു കോടി

എടത്തിരുത്തി ഐ.ടി.ഐയ്ക്ക് പുതിയ കെട്ടിടത്തിന് ഒന്നരക്കോടി

തിരക്കേറിയ മത്സ്യ വ്യവസായ കേന്ദ്രമായി മാറിയ അഴീക്കോട് ടോയ്‌ലറ്റ് കോംപ്ലക്സിന് 50 ലക്ഷം

ശ്രീനാരായണപുരം പി വെമ്പല്ലൂർ, കമ്പനിക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിന് രണ്ട് കോടി

ഐ.എസ്.ആർ.ഒയുടെ നേതൃത്വത്തിൽ കെ.എസ് ചാത്തുണ്ണി മെമ്മോറിയൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന് രണ്ട് കോടി

ശ്രീനാരായണപുരം പതിയാശ്ശേരി പാലം വാട്ടർ ടാങ്ക് റോഡിന് അഞ്ച് കോടി
ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ പെരിഞ്ഞനം പഞ്ചായത്തിൽ ആരംഭിക്കാൻ 50 ലക്ഷം

ഉപ്പുംതുരുത്തി പാലം നിർമ്മിക്കാൻ രണ്ടരക്കോടി