1

ചേലക്കര: സംസ്ഥാന ബഡ്ജറ്റിൽ ചേലക്കര നിയോജക മണ്ഡലത്തിൽ 177 കോടിയുടെ വിവിധ പദ്ധതികൾക്ക് തുക വകയിരുത്തി. പഴയന്നൂരിൽ റിംഗ് റോഡിന് 16 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഭരണാനുമതിയുള്ള തുകയായതിനാൽ കാലതാമസമില്ലാതെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് സ്ഥലം എം.എൽ.എ. കുടിയായ മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ കോംപ്ലക്‌സിന് സ്ഥലം ഏറ്റെടുക്കലും കെട്ടിട നിർമ്മാണത്തിനുമായി 20 കോടി, മണ്ഡലത്തിൽ പുതുതായി ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള വെറ്റിനറി കോളേജിനായി 10 കോടി, ഭാരതപ്പുഴയിൽ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനം കടവിന് താഴെ തടയണ നിർമ്മിക്കാൻ 15 കോടി, കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ 20 കോടി, ദേശമംഗലം വ്യവസായപാർക്ക് ഭൂമി ഏറ്റെടുക്കലിന് 20 കോടി, സി.എച്ച്.സി വരവൂർ കെട്ടിട നിർമ്മാണത്തിന് 5 കോടി, ചേലക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് തീയേറ്റർ നിർമ്മാണത്തിനായി 5.50 കോടി, ചേലക്കര - കറുകക്കടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്കായി 5.50 കോടി, ചേലക്കര ഗവ. പോളിടെക്‌നിക്ക് കോളേജ് ഓപ്പൺ എയർ ആഡിറ്റോറിയം നിർമ്മാണത്തിനായി 5 കോടി എന്നിങ്ങനെയാണ് പ്രധാന പദ്ധതികൾ.

മറ്റ് പ്രധാന പദ്ധതികൾ

വരവൂർ ഐ.ടി.ഐയുടെ പുനരുദ്ധാരണത്തിന് 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചേലക്കര എം.ആർ.എസ്, യൂണിസെഫ് നിഷ്‌കർഷിച്ചിട്ടുള്ള മികവിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.

- കെ. രാധാകൃഷ്ണൻ, മന്ത്രി