വൈദ്യുതി ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ സി.പി.എമ്മും സി.ഐ.ടി.യുവും
കൊടുങ്ങല്ലൂർ: വൈദ്യുതി ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവത്തെ ചൊല്ലി സി.പി.എമ്മും സി.ഐ.ടി.യുവും തുറന്ന പോരിൽ. ഇരുപക്ഷവും യോഗങ്ങൾ നടത്തി പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തി. ബുധനാഴ്ച രണ്ട് കെ.എസ്.ഇ.ബി ജീവനക്കാർക്ക് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് സി.ഐ.ടി.യുവും സി.പി.എമ്മും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
ജീവനക്കാരെ മർദ്ദിക്കുകയും അവർ സഞ്ചരിച്ചിരുന്ന ടു വീലറിന്റ താക്കോൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സിയാദ് അലി ഊരിയെടുത്തുവെന്നും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.
ഇതിനിടയിൽ വ്യാഴാഴ്ചയും മറ്റൊരു കെ.എസ്.ഇ.ബി ജീവനക്കാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചതോടെ ജീവനക്കാർ ക്ഷുഭിതരായി. ആക്രമിക്കപ്പെട്ട മൂന്നു പേരും സി.ഐ.ടി.യു വർക്കേഴ്‌സ് അസോസിയേഷൻ അംഗങ്ങളാണ്. പൊലീസ് പ്രതികളെ പിടികൂടുന്ന കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ജീവനക്കാർക്കിടയിൽ ആക്ഷേപമുണ്ട്.
സംഭത്തിൽ വൈദ്യുതി വകുപ്പിലെ വിവിധ തൊഴിലാളി സംഘടനകൾ ഇന്നലെ രാവിലെ ശ്രീനാരായണപുരം സെന്ററിൽ പ്രതിഷേധ യോഗം നടത്തി. കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മനോജ്, ഡിവിഷൻ സെക്രട്ടറി ടി.കെ. സഞ്ജയൻ തുടങ്ങിയവർ പങ്കെടുത്തു.
വൈദ്യുതി ജീവനക്കാരുടെ ധിക്കാരം അവസാനിപ്പിക്കണം
കെ.എസ്.ഇ.ബി ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് മതിലകം സെക്ഷൻ ഓഫീസിന് മുമ്പിൽ സി.പി.എം പതിയാശ്ശേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. വൈദ്യുതി ജീവനക്കാരുടെ ധിക്കാരം അവസാനിപ്പിക്കണമെന്നും, നിർദ്ധന കുടുംബങ്ങളിൽ ചെന്ന് ഗുണ്ടായിസം കാണിക്കുകയും, മുൻകൂർ നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റി അംഗം ടി.എൻ. ഹനായ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ബഷീർ അദ്ധ്യക്ഷനായി. വെമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഷറഫ്, എം.യു. സജീവൻ, കെ.എ. അയൂബ് തുടങ്ങിയവർ സംസാരിച്ചു.