കൊരട്ടി: തിരുമുടിക്കുന്നിലെ ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി പറമ്പിൽ വൻ തീപിടുത്തം. തെങ്ങുകളും കശുമാവുകളും കത്തി നശിച്ചു. വാഴത്തോട്ടത്തിനും തീപിടിച്ചു. അഞ്ചേക്കറോളം സ്ഥലത്തായിരുന്നു നാശഷ്ടം. ഒന്നര മണിക്കൂർ നീണ്ട തീപിടുത്തം ചാലക്കുടിയിലെ അഗ്‌നിശമന വിഭാഗമെത്തിയാണ് അണച്ചത്. ഐ.പി ബ്ലോക്കിന്റെ മുൻഭാഗത്തെ പറമ്പിൽ ഇന്നലെ വൈകീട്ട് 3 നായിരുന്നു തീപിടുത്തം. ഉണക്കപ്പുല്ല് കത്തിയാളി മറ്റിടങ്ങളിലേക്കും വ്യാപിച്ചു. 12 തെങ്ങുകളും അത്രതന്നെ കശുമാവിനും കേടുപറ്റി. സ്വകാര്യ വക്തി പാട്ടത്തിനെടുത്ത് നടത്തുന്ന തോട്ടത്തിലെ നൂറോളം നേന്ത്രവാഴകളും കത്തി നശിച്ചു. ഐ.പി ബ്ലോക്കിലേക്ക് തീ പടരാതിരിക്കാൻ ജീവനക്കാരും നാട്ടുകാരും ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചു. ഫയർഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകൾ ഏറെ നേരം പ്രയത്‌നിച്ചാണ് തീ അണച്ചത്. കൊരട്ടി എസ്.ഐ. ഷാജു എടത്താടന്റെ നേതൃത്വത്തിൽ പൊലീസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.